ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറത്തെ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡി.ജി.പി നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്. ഇവരുമായി ഡി.ജി.പി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനും കളക്ട്രേറ്റിലെ 21 ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന കളക്ടര്‍ നേരത്തെ തന്നെ ക്വാറന്റൈനിലായിരുന്നു. കൊവിഡ് അവലോകന യോഗം ഉള്‍പ്പെടെ പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്.

വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഈ ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. മലപ്പുറത്ത് വ്യാഴാഴ്ച 202 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News