സർക്കാരിന് ആശ്വാസം, കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി ആർ.ബിന്ദു അധികാര ദുർവിനിയോഗം കാണിച്ചില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: സർക്കാരിനും മന്ത്രി ആർ ബിന്ദുവിനും ആശ്വാസമായി ലോകായുക്ത (lokayukta)വധി. കണ്ണൂർ വിസി നിയമനത്തിൽ (kannur vc appointment)മന്ത്രി അധികാര ദുർവിനിയോഗം കാണിച്ചില്ലെന്ന് ലോകായുക്ത. മന്ത്രി സർവകലാശാലക്ക് അന്യ അല്ല. മന്ത്രി നൽകിയത് നിർദേശം മാത്രം. അത് ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ആകാം. വി സിയുടെ പ്രായ പരിധി കണ്ണൂർ സർവകലാശാല ചട്ടത്തിൽ പറയുന്നില്ല.കണ്ണൂർ വി സി നിയമനത്തെ കുറിച്ചുള്ള പരാതി പരിഗണിക്കുന്നില്ല .അത് സംബന്ധിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണനയിൽ ആണെന്നും ലോകായുക്ത വ്യക്തമാക്കി.
ലോകയുക്ത പരിഗണിച്ചത് മന്ത്രിക്കെതിരായ പരാതി മാത്രമെന്നും ലോകായുക്ത പറഞ്ഞു.
ഗവർണറുടെ ഓഫീസിനെതിരെ ലോകായുക്‌ത വിമർശനം ഉന്നയിച്ചു. സർക്കാർ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിലാണ് ഗവർണറുടെ ഓഫീസ് നൽകിയ കത്തുള്ളത്. ഗവർണർ ആവശ്യപ്പെട്ടതു കൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞിട്ടില്ല.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഗവർണറുടെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കേണ്ടിയിരുന്നില്ല. സർക്കാർ അഭിഭാഷകനോട് ചോദിച്ച് കാര്യങ്ങൾ വ്യക്ത വരുത്താമായിരുന്നുവെന്നും ലോകായുക്ത പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല വിസി നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാർ വാദം തള്ളി ഇന്നലെ രാജ് ഭവൻ വാർത്താകുറിപ്പ് ഇറക്കിയിരുന്നു. വിസി പുനർ നിയമനത്തിന് രാജ് ഭവൻ നിർദേശം നൽകിയില്ലെന്നും പുനർ നിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്നാണെന്നും രാജ്ഭവൻ വ്യക്തമാക്കിയിരുന്നു. പുനർ നിയമനം നൽകണം എന്ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ട് എത്തി ആവശ്യപ്പെട്ടു എന്നും രാജ്ഭവൻ പറഞ്ഞു.പുനർ നിയമനത്തിൽ ഗവർണ്ണർക്ക് വ്യത്യസ്ത അഭിപ്രായം ആയിരുന്നു. പുനർ നിയമനം നിയമ പരമായി നിലനിൽക്കുമോ എന്നായിരുന്നു സംശയമെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.
കണ്ണൂർ വിസി നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ വിധി. അതേസമയം വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് പരാതി നൽകിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്
ലോകായുക്ത ഭേദഗതിയുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സർക്കാരിന് ആശ്വാസകരമായ ഈ വിധി എന്നതും ശ്രദ്ധേയമാണ്.