കൊച്ചി:മോൺസൺ മാവുങ്കൽ വിഷയവുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവികൂടിയായ കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റയ്ക്കെതിരേ സംസ്ഥാന പോലീസിലും രാഷ്ട്രീയതലത്തിലും നീക്കം. കേസന്വേഷണം പൂർത്തിയാക്കുന്നതു വരെയെങ്കിലും ബെഹ്റയെ മാറ്റിനിർത്തണമെന്ന ആവശ്യം ഇടതുരാഷ്ട്രീയത്തിലെ ചില തലങ്ങളിൽ ഉയർന്നിട്ടുണ്ട്.
ബെഹ്റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോൺസന്റെ വീട്ടിൽ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ ‘ബീറ്റ് ബുക്ക്’ മോൺസന്റെ വീടിനു മുന്നിൽ സ്ഥാപിച്ചത് ബെഹ്റയുടെ നിർദേശപ്രകാരമായിരുന്നെന്നതും പുറത്തുവന്നത്.
സാധാരണയായി ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രധാന കവലകൾ എന്നിവിടങ്ങളിലാണ് ബീറ്റ് ബുക്ക് വെക്കാറുള്ളത്.വ്യക്തികളുടെ വീടുകൾക്കുമുന്നിൽ വെക്കാറില്ല. വിവാദമായതോടെ പോലീസ് ഇതെടുത്തുമാറ്റുകയും ചെയ്തിരുന്നു.
അതിനിടെ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൻ മാവുങ്കലിന് പോലീസ് ഉന്നതൻമാരെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന ആരോപണം നിഷേധിച്ച് പ്രവാസിയും ലോക കേരളസഭാ അംഗവുമായ അനിത പുല്ലയിൽ രംഗത്തെത്തിയിരുന്നു മുൻ ഡിജിപി ലോക്നാഥ് ബെഹറക്ക് താൻ ഒരു പരാതിയും നൽകിയിട്ടില്ല. തനിക്കെതിരെ മോൺസൻ രണ്ടു സ്ത്രീകളെ കൊണ്ട് അപകീർത്തി കേസ് കൊടുപ്പിക്കാൻ ശ്രമിച്ചുവെന്നും അനിത പറഞ്ഞു.
‘പ്രവാസി മലയാളി ഫെഡറേഷന്റെ കോർഡിനേറ്റാറാണ് താൻ. ലോക കേരള സഭയിലെ അംഗം കൂടിയാണ്.രണ്ടു വർഷം മുമ്പ് എന്റെ പിതാവ് മരിച്ചപ്പോഴാണ് മോൺസൻ ആദ്യമായി എന്റെ വീട്ടിലേക്കെത്തുന്നത്. ആ ഘട്ടത്തിലാണ് അയാളുമായി പരിചയത്തിലാകുന്നത്.ഇറ്റലിയിൽ മാത്രമല്ല സംഘടനയിലെ സ്ത്രീ വിഭാഗത്തിന്റെ കോ-ഓർഡിനേറ്റർ എന്ന നിലക്ക് വിവിധ രാജ്യങ്ങളിലുള്ളവരുമായും സർക്കാർ പ്രതിനിധികളുമായും അവർ ഇവിടെ വരുമ്പോൾ ഞാൻ ബന്ധപ്പെടാറുണ്ട്. അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടാകുന്നത്.
ഇങ്ങനെയിരിക്കുമ്പോൾ മോൺസന്റെ വീട്ടിലേക്ക് ക്ഷണമുണ്ടായി. നിരവധി ആളുകൾ അന്നവിടെ ഉണ്ടായിരുന്നു. ഒരു കള്ളത്തരവും അന്നൊന്നും ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുമായി ഞാൻ മോൺസനെ പരിചയപ്പെടുത്തി നൽകിയിട്ടില്ല. ഒപ്പം ഫോട്ടോയെടുത്ത് അത് തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണ്’, അനിത പറഞ്ഞു.
തന്നോട് നിരവധി പേർ മോൺസനെ കുറിച്ച് പരാതി പറഞ്ഞതോടെയാണ് ഇയാളുടെ തട്ടിപ്പ് വിവരം താൻ അറിയുന്നതെന്നും അനിത വ്യക്തമാക്കി. അനിതയാണ് മോൺസനെ പോലീസ് ഉന്നതരുമായി പരിചയപ്പെടുത്തിയതെന്നും അനിതയുമായി ഇയാൾ തെറ്റിയതോടെ പോലീസ് ഉന്നതരും കൈവിട്ടെന്നുമായിരുന്നു ചില റിപ്പോർട്ടുകൾ. ഇറ്റലിയിലാണ് നിലവിൽ അനിതയുള്ളത്.
മോൻസൺ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്ന ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തി. വനം വകുപ്പിൻ്റെ പരിശോധനയിലാണിത് കണ്ടെത്തിയത്.ഇത് ഒട്ടകത്തിൻ്റെ എല്ലാണോ എന്ന് സംശയിക്കുന്നെന്ന് വനം വകുപ്പ് പറഞ്ഞു. ഇത് കൂടുതൽ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജീസിലേക്ക് അയയ്ക്കും.
മോൻസൺ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപ്പങ്ങൾ തന്റേതാണെന്ന് തിരുവനന്തപുരത്തെ ശിൽപ്പി സുരേഷ് വെളിപ്പെടുത്തി. മോൻസൺ തനിക്ക് 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇനി ഈ പണം കിട്ടുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലം വിദേശത്തായിരുന്നു സുരേഷ്.ശിൽപ്പ നിർമ്മാണ പാരമ്പര്യമുള്ള കുടുംബാംഗമാണ്.വർഷങ്ങളോളം അധ്വാനിച്ചാണ് ശിൽപ്പങ്ങൾ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മോൻസനെതിരെ വെളിപ്പെടുത്തൽ നടത്തിയപ്പോഴും മുഖം വെളിപ്പെടുത്താൻ സുരേഷ് തയ്യാറായില്ല. താൻ നിർമ്മിച്ച ശിൽപ്പങ്ങൾ വിൽപ്പനയ്ക്ക് വെച്ചപ്പോൾ അമേരിക്കയിൽ നിന്ന് ഫോൺ കോൾ വന്നു. അന്ന് കൊച്ചിയിൽ മോൻസനെ ചെന്ന് കാണണമെന്നായിരുന്നു ആവശ്യം. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് 2019 ലാണ് ആറ് ശിൽപ്പങ്ങൾ കൈമാറിയത്. ശിൽപ്പങ്ങൾ വിറ്റ് ഒരു മാസത്തിനകം പണം നൽകാമെന്നാണ് പറഞ്ഞിരുന്നതെന്നും രണ്ട് വർഷം കഴിഞ്ഞിട്ടും പണം കിട്ടിയില്ലെന്നും സുരേഷ് പറഞ്ഞു.
താൻ നിർമ്മിച്ച ശിൽപ്പങ്ങളാണ് പുരാതന ശിൽപങ്ങളായി മോൻസൺ പ്രചരിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു. കുമ്പിൾ തടിയിൽ നിർമ്മിച്ച ശിൽപ്പങ്ങളാണിവ.ഇവയാണ് ചന്ദനമരത്തിൽ തീർത്ത ശിൽപ്പങ്ങളെന്ന് പറഞ്ഞ് പറ്റിച്ചത്. വിശ്വരൂപം,മറിയ തുടങ്ങി ആറ് ശിൽപ്പങ്ങളാണ് സുരേഷ് കൈമാറിയത്. പണം കിട്ടാതെ വന്നതോടെ വൻ സാമ്പത്തിക ബാധ്യതയുണ്ടായി. ഹ്യദ്രോഗിയായി മാറിയെന്നും സുരേഷ് പറഞ്ഞു.