‘ലോക’ 300 കോടി നേടുന്ന ആദ്യ മലയാള ചിത്രം; ഔദ്യോഗികമായി അറിയിച്ച് അണിയറപ്രവർത്തകർ

ചരിത്ര നേട്ടത്തില്‍ 'ലോക', 300 കോടി നേടുന്ന ആദ്യ മലയാള ചിത്രം; ഔദ്യോഗികമായി അറിയിച്ച് അണിയറപ്രവർത്തകർ

300 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായി കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. ചിത്രം 300 കോടി കടന്നതായി അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. ചിത്രം 300 കോടി കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  നേരത്തെ, എമ്പുരാനെ പിന്നിട്ട് മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി 'ലോക' മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനംചെയ്തത് ഡൊമിനിക് അരുണ്‍ ആണ്.

അഞ്ചാംവാരത്തിലും ഇരുന്നൂറിലധികം സ്‌ക്രീനുകളിലായി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍നിന്ന് മാത്രം ചിത്രം 120 കോടിയിലേറെ നേടിയതായാണ് വിവരം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ ആഗോള തലത്തില്‍ കണ്ട മലയാള ചിത്രമായി മാറിയ 'ലോക', കേരളത്തിലെ തീയേറ്ററുകളില്‍നിന്ന് മാത്രം ആദ്യമായി 50,000 ഷോകള്‍ പിന്നിടുന്ന ചിത്രമായും മാറിയിരുന്നു. മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, ഒരു കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോളതലത്തില്‍ കണ്ടത്. പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പര്‍ വിജയം നേടുകയും വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി അഞ്ചുമില്യണില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പുകള്‍ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാള ചിത്രമായും മാറിയ 'ലോക' കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News