വരവുമാലയിട്ടാലും രക്ഷയില്ല, കള്ളന്റെ പിടിവലിയിൽ കഴുത്തിന് പരിക്കേറ്റ് വയോധിക

വരവുമാലയിട്ടാലും രക്ഷയില്ല, കള്ളന്റെ പിടിവലിയിൽ കഴുത്തിന് പരിക്കേറ്റ് വയോധിക

അരൂർ: സ്വർണത്തിന്റെ വില ലക്ഷത്തോടടുക്കുമ്പോൾ വരവ് ആഭരണങ്ങൾ ധരിച്ചാലും രക്ഷയില്ല. തിങ്കളാഴ്ച അരൂരിൽ 71 കാരിക്ക് നേരേ ഇടറോഡിൽ നടന്ന ആക്രമണം ഇതിന് ഉദാഹരണം.

കഴുത്തിലെ മാല വരവാണെന്ന് കള്ളനറിഞ്ഞില്ല. പിന്നാലെകൂടി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പൊട്ടിച്ച ആ വരവുമാല 71 കാരിയുടെ കഴുത്തിനുവരെ പരിക്കേൽപ്പിച്ചു. അപ്പോഴും െെകയിൽ കിട്ടിയ മാലയുടെ പൊട്ടിയഭാഗം സ്വർണമാണെന്നു വിചാരിച്ച് കള്ളൻ ഓടിമറഞ്ഞു.

അരൂർ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് കളത്തനാട്ട് ഭാഗത്തുള്ള കൊച്ചുപുരയ്ക്കൽ സരസ്വതിയമ്മയുടെ കഴുത്തിലെ വരവുമാലയാണ് പിന്നാലെകൂടിയ കള്ളൻ വിജനമായ സ്ഥലത്തുവെച്ച് പൊട്ടിച്ചുകടന്നത്. കോട്ടപ്പുറം റോഡിന് സമീപം കണ്ടത്തിപ്പറമ്പ് കളത്തനാട്ട് വഴിയിലാണ് സംഭവം ഉണ്ടായത്. ഈ വഴി നിയമക്കുരുക്കിൽ പെട്ടുകിടക്കുന്നതിനാൽ ആകെ ചെളിക്കുഴമ്പാണ്.

മാത്രമല്ല, ഉച്ചയായതിനാൽ ആളുകളും ഇല്ലായിരുന്നു. ഇതാണ് മോഷ്ടാവിന് അനുകൂലമായത്. സമീപത്തെ റോഡുവരെ ഇയാൾ ഇരുചക്രവാഹനത്തിൽ എത്തിയെന്നാണ് കുരുതുന്നത്. എന്തായാലും വരവ് സ്വർണമാലയുടെ ഭാഗം ലഭിച്ച മോഷ്ടാവിന്റെ പ്രയത്നങ്ങളെല്ലാം വെറുതേ ആകുമെന്ന് ഉറപ്പ്. വീട്ടുകാർ അരൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവും ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News