ന്യൂഡൽഹി: തുടർച്ചയായി സഭ തടസപ്പെടുന്നതിൽ എംപിമാർക്ക് നേരെ വിമർശനവുമായി ലോക്സഭ സ്പീക്കർ ഓം ബിർല. പാർലമെന്റിൽ ബഹളം തുടരുന്ന സാഹചര്യത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ സ്പീക്കർ തീരുമാനിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സഭയുടെ അന്തസ്സിനനുസരിച്ച് എംപിമാർ പെരുമാറുന്നതുവരെ സഭയിൽനിന്ന് വിട്ടുനിൽക്കാനാണ് ഓം ബിർളയുടെ തീരുമാനമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്നും ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച രാവിലെ സ്പീക്കർ ലോക്‌സഭ നടപടികൾ ഇന്നത്തേക്ക് നിർത്തിവച്ചിരുന്നു.
നിലവിലെ സഭയുടെ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും സ്പീക്കർക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച ലോക്‌സഭയിൽ ബില്ലുകൾ പാസാക്കുന്നതിനിടെ പ്രതിപക്ഷത്തിന്റെയും ട്രഷറി ബെഞ്ചിന്റെയും പെരുമാറ്റത്തിൽ സ്പീക്കർ ഓം ബിർള അസ്വസ്ഥനായിരുന്നു. പിന്നീട്, ഇന്ന് സഭ വീണ്ടും ചേർന്നപ്പോൾ ഓം ബിർല കസേരയിൽ ഉണ്ടായിരുന്നില്ല. പിന്നീട്, സഭാനടപടികൾ നിയന്ത്രിച്ചത് ബിജെപി അംഗം കിരീട് സോളങ്കിയായിരുന്നു.
പാർലമെന്റിലെ ആവർത്തിച്ചുള്ള തടസ്സങ്ങളിൽ സ്പീക്കറുടെ അതൃപ്തി പ്രതിപക്ഷത്തെയും ട്രഷറി ബെഞ്ചിനെയും അറിയിച്ചതായി പാർലമെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മണിപ്പൂർ വിഷയം ചൂണ്ടിക്കാണിച്ചാണ് ചർച്ചവേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം തുടരുന്നത്.