KeralaNews

പുതുപ്പള്ളിയില്‍ തയ്യാറെടുത്ത് സിപി.എം,ജെയ്ക്ക് മണര്‍കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കും, നേതാക്കള്‍ക്ക് ചുമതല

തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് സിപിഐഎം. സംസ്ഥാന നേതാക്കള്‍ക്ക് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ ചുമതലകള്‍ വിഭജിച്ചു നല്‍കി കഴിഞ്ഞു.

വാകത്താനം പഞ്ചായത്തിന്റെ ചുമതല സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി കെ ബിജുവിനാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു സെക്രട്ടറിയേറ്റ് അംഗമായ കെ കെ ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മറ്റി ക്ഷണിതാവുമായ കെ ജെ തോമസിനാണ് അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളുടെ ചുമതല. സംസ്ഥാന കമ്മറ്റി അംഗമായ കെ അനില്‍കുമാറിന് മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെ ചുമതല നല്‍കിയപ്പോള്‍ മറ്റൊരു സംസ്ഥാന കമ്മറ്റി അംഗമായ എ വി റസലിനാണ് കൂരോപ്പട പഞ്ചായത്തിന്റെ ചുമതല. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയോടേറ്റു മുട്ടിയ ജെയ്ക്ക് സി തോമസിനോട് മണര്‍കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മണ്ഡലത്തിലെ ബ്രാഞ്ച് കമ്മറ്റികള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് ബ്രാഞ്ച് യോഗങ്ങള്‍ ആരംഭിക്കുന്നത്. ഈ മാസത്തില്‍ തന്നെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന വിപുലമായ യോഗം നടക്കും.

ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസിന്റെയും സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയയുടെ പേരുമാണ് ജില്ലയിലെ നേതാക്കളുടെ മനസ്സിലുള്ളത്. ഇവര്‍ രണ്ടുപേരും നേരത്തെ ഉമ്മന്‍ ചാണ്ടിയോട് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുള്ളവരാണ്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ ആറ് പഞ്ചായത്തുകളിലും ഇടതുമുന്നണിയാണ് ഭരണം എന്നതില്‍ സിപിഐഎം പ്രതീക്ഷയര്‍പ്പിക്കുന്നു.

കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസിനോട് ഉമ്മന്‍ ചാണ്ടി വിജയിച്ചത് 9044 വോട്ടുകള്‍ക്കായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 10000ന് താഴെയാക്കിയ പ്രകടനം പരിഗണിച്ചാല് ജെയ്ക്കിനെ ഒരിക്കല്‍ കൂടി സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കും. എന്നാല്‍ മുതിര്‍ന്ന നേതാവ് തന്നെ മത്സരിക്കട്ടെ എന്നാണ് കരുതുന്നതെങ്കില്‍ റെജി സഖറിയ സ്ഥാനാര്‍ത്ഥിയാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker