തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ അധിക സീറ്റിന് ലീഗിന് അർഹതയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫിൽ ഇക്കാര്യം ഉന്നയിക്കും. ചർച്ചയിലൂടെ അധിക സീറ്റെന്ന ആവശ്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
‘പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളൊക്കെ നടക്കുകയാണ്. സീറ്റ് ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല. ലീഗ് ഇപ്പോൾ മത്സരിക്കുന്ന രണ്ട് സീറ്റിൽ വിജയം ആവർത്തിക്കും. മറ്റ് 18 സീറ്റുകളിലും യു ഡി എഫിന്റെ വിജയം ഉറപ്പാക്കുകയെന്നത് തന്നെയാണ് ലീഗിന്റെ നയം’, അദ്ദേഹം പറഞ്ഞു.
മൂന്നാം സീറ്റ് എന്നത് ലീഗിന്റെ ആവശ്യമാണോയെന്ന ചോദ്യത്തിന് മൂന്നിലൊതുക്കേണ്ട കാര്യമില്ലല്ലോയെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പ്രതികരിച്ചു. ചർച്ചയിലൂടെയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ഇത്തവണ മൂന്നിനും നാലിനുമൊക്കെ ലീഗിന് അർഹതയുണ്ട്. കൂടുതൽ സീറ്റ് വേണമെന്നത് തന്നെയാണ് ലീഗിന്റെ ആവശ്യം. യു ഡി എഫിന്റെ വിജയം ഉറപ്പുവരുത്തണമല്ലോ. അതിന് എന്തൊക്കെയാണ് ആവശ്യമായത്, അതാണ് ഞങ്ങൾ ചെയ്യുക’, അദ്ദേഹം പറഞ്ഞു.
ലീഗും സമസ്തയും ഒന്നിച്ചു പോകുന്ന പ്രസ്ഥാനമാണ്. ഉഭയകക്ഷി ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സമയമാകുമ്പോൾ ലീഗ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ്സിന്റെ നിലപാട് സ്വാഗതാർഹം എന്നും സാദിഖ് അലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാണിച്ചു.
‘രാമക്ഷേത്രത്തിന് ആരും എതിരല്ല, കോടതിവിധിയുടെ പശ്ചാത്തലത്തിലാണല്ലോ വരുന്നത്.. അയോധ്യ പരിപാടിയില്‍ നിന്ന് കോൺഗ്രസ് അടക്കം വിട്ടുനിൽക്കുന്നതിൽ ആശ്വാസമുണ്ട്, ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ‘,സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.