EntertainmentKeralaNews

മണിക്കൂറുകളോളം ഫ്ലാറ്റിൽ പൂട്ടിയിട്ടു;ബാല ഭീഷണിപ്പെടുത്തിയതിന് താൻ സാക്ഷിയെന്ന് സന്തോഷ് വർക്കി

കൊച്ചി:നടൻ ബാല യുട്യൂബർ അജു അലക്‌സിന്റെ ഫ്ലാറ്റിലെത്തി സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിന് താൻ സാക്ഷിയാണെന്ന് സന്തോഷ് വർക്കി. തൃക്കാക്കര സ്റ്റേഷനിൽ അജു അലക്സിനൊപ്പമെത്തി സന്തോഷ് വർക്കി ബാലക്കെതിരെ മൊഴി നൽകിയിട്ടുണ്ട്.

തന്നെ മണിക്കൂറുകളോളം ഫ്ലാറ്റിൽ പൂട്ടിയിട്ടുവെന്നും ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ മൊഴിയിലുണ്ട്. അജുവിന്റെ ഫ്ലാറ്റിൽവെച്ച് ബാല തോക്കു ചൂണ്ടിയെന്നും ഇയാൾ പറയുന്നു. അതേസമയം, സന്തോഷ് വർക്കി കൂടെ നിന്ന് ചാരപ്പണി ചെയ്യുകയായിരുന്നുവെന്ന് ബാല പ്രതികരിച്ചു. താൻ ആരെയും തടവിൽ വെച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി.

സന്തോഷ് വർക്കി അടുത്തിടെ മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെ നടൻ ബാല, സന്തോഷ് വർക്കിയെ സമീപിച്ച് ഈ വിഷയത്തിൽ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ മാപ്പ് പറയിപ്പിച്ചിരുന്നു. ഓരോ കാര്യങ്ങളും അക്കമിട്ടു നിരത്തിയാണ് സന്തോഷ് വർക്കിയെ കൊണ്ട് മാപ്പു പറയിപ്പിച്ചത്. പിന്നാലെ ബാല വളരെ നല്ലൊരു മനുഷ്യനാണെന്ന് സന്തോഷ് വർക്കി ഫെയ്സ്ബുക്കിൽ കുറിച്ചു. സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച വിഷയത്തിലാണ് ബാലക്കെതിരേ ചെകുത്താൻ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന അജു അലക്സ് വ്ലോഗ് ചെയ്തത്.

ഇതിന് പിന്നാലെ സന്തോഷ് വർക്കിക്കൊപ്പം യൂട്യൂബറുടെ ഫ്ലാറ്റിലെത്തിയ ബാലയ്ക്കും കൂട്ടാളികൾക്കുമെതിരേ കേസ് എടുത്തിരുന്നു. ഫ്ലാറ്റിലെത്തി അക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്. അജു അലക്‌സിന്റെ സുഹൃത്തും റൂംമേറ്റുമായ മുഹമ്മദ് അബ്ദുൽ ഖാദറാണ് തൃക്കാക്കര പോലീസിൽ പരാതി നൽകിയത്. ബാലക്കെതിരേ തൃക്കാക്കര പോലീസ് കേസെടുക്കുകയും സ്റ്റേഷനിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു.

സംഭവസമയത്ത് അജു സ്ഥലത്തില്ലായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് ബാലയ്ക്കും കണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരേ ചുമത്തിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകീട്ട് ആറിന് അജുവും സുഹൃത്തും താമസിക്കുന്ന തൃക്കാക്കര ഉണിച്ചിറ ജിഞ്ചർ ലൈൻ റോഡിലുള്ള ഫ്ലാറ്റിൽ ബാലയും സംഘവും അതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്.

തനിക്കെതിരേ നൽകിയത് കള്ളപ്പരാതിയാണെന്ന് ബാല പ്രതികരിച്ചു. ഫ്ലാറ്റിൽ നടന്ന സംഭവത്തിന്റെ മുഴുവൻ വീഡിയോ ദൃശ്യങ്ങളും തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ നടൻ, അജുവിന്റെ സുഹൃത്തുമായി ഫ്ലാറ്റിൽവെച്ച് സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു.

അജു അലക്‌സ് പോലീസ് സ്റ്റേഷനിൽ പോകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വീഡിയോ റെക്കോഡ് ചെയ്തത്. ആളുകളെ അധിക്ഷേപിക്കുംവിധം വ്ലോഗ് ചെയ്യരുതെന്ന് പറയാനാണ് ഫ്ലാറ്റിൽ പോയതെന്നും ഭാര്യയും ജിം കോച്ചും ഡ്രൈവറുമുൾപ്പെടെയാണ് അവിടെ ചെന്നതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button