ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യവുമായി അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തി. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര. തെലങ്കാന സംസ്ഥാനങ്ങളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. 54 ദിവസത്തെ ലോക്ക്‌മെ ഡൌണ്‍ മെയ്17 നാണ് അവസാനിക്കുന്നത്. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.
നമ്മള്‍ എടുത്ത തീരുമാനം മാറ്റുകയോ പുനപരിശോധിക്കുകയോ വേണ്ടിയിരിക്കുന്നു. എന്നാല്‍ പോലും ഈ മഹാമാരി പടരില്ലെന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഗ്രാമങ്ങളിലേക്ക്. അതാണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. മോദി പറഞ്ഞു. കോവിഡ് രാജ്യത്തെ ഗ്രാമങ്ങളെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ലെന്നാണ് യോഗത്തില്‍ മോദി പറഞ്ഞത്. വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ടെന്നാണ് ലോകം പറയുന്നതെന്നും ഈ യുദ്ധത്തില്‍ സംസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണെന്നും മോദി അഭിപ്രായപ്പെട്ടു.അതേസമയം കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അസംഘടിത മേഖലയ്ക്ക് പാക്കേജ് വേണമെന്നും കൂടുതല്‍ പരിശോധനാ കിറ്റുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.