ബൊഗോട്ട :കൊവിഡ് മഹാമാരിയുടെ കാലത്ത് കൊളംബിയൻ തെരുവുകൾ കയ്യടക്കി ഗുണ്ടാസംഘങ്ങൾ വിലസുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ഇവർ കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതുവരെ ഇത്തരത്തിൽ 9 പേരെ ഇവർ കൊലപ്പെടുത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്യുന്നു.
ഈ സംഘങ്ങൾ തന്നെയാണ് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പുറത്തിറക്കുന്നത്. ഇത് ലംഘിക്കുന്നവരെയാണ് ഇവർ കൊലപ്പെടുത്തുന്നത്.ആർക്കെങ്കിലും കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയാൽ അവർ നാടുവിടണം. വിസമ്മതിച്ചാൽ ഗുണ്ടാസംഘങ്ങൾ അവരെ കൊലപ്പെടുത്തും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മത്സ്യബന്ധബത്തിൽ ഏർപ്പെടരുതെന്നും ഇവർ നിർദ്ദേശിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണി മുതൽ ഇവർ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മരുന്നോ മറ്റ് അവശ്യസാധനങ്ങളോ വാങ്ങാൻ പുറത്തിറങ്ങിയാൽ പോലും ആളുകൾ ഈ സംഘങ്ങളുടെ തോക്കിനിരയവാനുള്ള സാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം മുതലെടുക്കാനും ഇവർ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. നേരത്തെ, കൊവിഡ് പശ്ചാത്തലത്തിൽ ബ്രസീലിൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ ഗുണ്ടാസംഘങ്ങൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് 19 വൈറസ് ബാധ ചെറിയ പനി മാത്രമാണെന്ന പ്രസിഡൻ്റ് ജൈർ ബോൽസനാരോയുടെ പ്രസ്താവനയെ മറികടന്നാണ് ഇവർ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട് റിയോ ഡി ജനീറോയുടെ ചേരികളിൽ ഗുണ്ടാ സംഘങ്ങൾ നോട്ടീസ് വിതരണം നടത്തിയിട്ടുണ്ട്. എട്ട് മണി മുതൽ കർഫ്യൂ ആണെന്നും പുറത്തിറങ്ങുന്നവരെ പാഠം പഠിക്കുമെന്നുമുള്ള മുന്നറിയിപ്പുകളാണ് നോട്ടീസിലുള്ളത്.