കൊല്ലം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ചാത്തന്നൂരിലെ വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയതിന് ആരോഗ്യവകുപ്പ് അവിടെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്ന അഭിഭാഷകന്‍ മുങ്ങി. കട്ടച്ചലിലെ വനിതാസുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ മുങ്ങിയ വിവരം ഇന്നലെ രാവിലെയാണ് പൊലീസ് അറിഞ്ഞത്. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഇന്ന് പൊലീസിന് റിപ്പോര്‍ട്ട് നല്‍കും.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് ചാത്തന്നൂര്‍ പൊലീസ് അറിയിച്ചു. അഭിഭാഷകന്റെ വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തെ പൊലീസ് സ്റ്റേഷനിലും വിവരം കൈമാറിയിട്ടുണ്ട്. അവിടെയും 14 ദിവസം നിര്‍ബന്ധിത ഗൃഹനിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് കാമുകിയുടെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയ അഭിഭാഷകന്‍ കുടുങ്ങിയത്.
ലോക്ക്ഡൗണ്‍ കാലയളവില്‍ പലതവണ ഈ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയിരുന്നതായാണ് വിവരം. കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം. പൊലിസിനെ അറിയിക്കുകയുമായിരുന്നു.ജില്ലാ അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാള്‍ ചാത്തന്നൂര്‍-ആദിച്ചനല്ലൂര്‍ അതിര്‍ത്തി പ്രദേശമായ കട്ടച്ചലില്‍ എത്തിയത്.
പൊലിസിന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാള്‍ ഈ വീട്ടില്‍ത്തന്നെ ഗൃഹനിരീക്ഷണത്തില്‍ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആറു മാസമാസം മുന്‍പ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകന്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടത്തുള്ള ഫ്ളാറ്റില്‍ വച്ചാണ് യുവതിയുമായി കണ്ടുമുട്ടിയിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്രാബുദ്ധിമുട്ടുമൂലം യുവതിക്ക് കഴക്കൂട്ടത്തേയ്ക്ക് പോകാന്‍ കഴിഞ്ഞില്ല. ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ കോട്ടയത്ത് വച്ച് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു.
ഭര്‍ത്താവ് മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കോട്ടയത്തേയ്ക്ക് പോവുകയും ചെയ്തു. ഈ അവസരം മുതലാക്കിയ ഭാര്യ വിവരം അഭിഭാഷകനെ അറിയിക്കുകയും, അഭിഭാഷകന്‍ ചാത്തന്നൂര്‍ കട്ടച്ചലിലെ വീട്ടില്‍ എത്തുകയുമായിരുന്നു. തുടര്‍ന്ന് പലദിവസങ്ങളിലും വൈകുന്നേരത്തോടെ വീട്ടിലെത്താന്‍ തുടങ്ങി. ഇതോടെയാണ് നാട്ടുകാര്‍ ഇയാളെ തടഞ്ഞു വെച്ചത്.
നിയന്ത്രണങ്ങളുള്ളതിനാല്‍ തിരികെ പോകാനാകില്ലെന്നും വീടിനുള്ളില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്നും ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം ചാത്തന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഇയാളെത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലാണ്.