ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.
സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 592 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് ഏർപ്പെടുത്തിയ കർഫ്യൂ ഫലപ്രദമാവാതെ വന്നതോടെ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. മെയ് 10 മുതൽ 24 വരെ 14 ദിവസത്തേയ്ക്കായിരിക്കും ലോക്ഡൗൺ നടപ്പിലാക്കുക. ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും, ബാറുകളും, പബ്ബുകളും അടച്ചിടാനാണ് തീരുമാനം. പലചരക്ക് കടകൾക്കും പച്ചക്കറി കടകൾക്കും മറ്റ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും രാവിലെ ആറ് മണി മുതൽ 10 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുവാദമുണ്ട്.
രാവിലെ പത്ത് മണിയ്ക്ക് ശേഷം ആരെയും പുറത്തിറങ്ങാൻ അനുവദിക്കില്ല. പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.