KeralaNews

പകല്‍ ചായക്കടയില്‍ ജോലി, രാത്രി പഠനം; മെറിറ്റില്‍ എം.ബി.ബി.എസ് സീറ്റ് ലഭിച്ച എഡ്നയെ പഠിപ്പിക്കാന്‍ നാട്ടുകാരുടെ സഹായഹസ്തം

മട്ടാഞ്ചേരി: ചായക്കട നടത്തുന്ന പിതാവിനെ സഹായിക്കുന്നതിനോടൊപ്പം പഠനത്തിലും മികവ് കാണിച്ച എഡ്ന ജോണ്‍സണിന് ഇനി പഠനം മുടങ്ങില്ല, കൈത്താങ്ങായി നാട്ടുകാരുടെ കൂട്ടായ്മയെത്തി. വാടകകെട്ടിടത്തിലെ ചായക്കടയോട് ചേര്‍ന്നുള്ള ചായ്പില്‍ കഴിയുന്ന എഡ്നയ്ക്കും കുടുംബത്തിനും താങ്ങാനാവുന്നതായിരുന്നില്ല എംബിബിഎസ് എന്ന സ്വപ്നം. എന്നാല്‍ പഠനത്തില്‍ മിടുക്കിയായ എഡ്ന മെറിറ്റില്‍ സീറ്റ് നേടിയതോടെ കുടുംബം സന്തോഷിക്കാന്‍ പോലും മറന്ന് ആശങ്കയിലായി.

സ്വപ്ന സാക്ഷാത്കാരത്തിനായി എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങിയ അഞ്ചംഗ കുടുംബത്തിന്റെ ദുരിതമറിഞ്ഞ് സഹായം വാഗ്ദാനം ചെയ്ത് നാട്ടുകാരുടെ കൂട്ടായ്മ തന്നെ രംഗത്തെത്തുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജിലാണ് എഡ്നയ്ക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്. പ്രവേശന ഫീസ് അടക്കമുള്ള കാര്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ വിഷമിച്ച എഡ്നയ്ക്ക്, നല്ല നസ്രത്തുകാര്‍ എന്ന വാട്സാപ് കൂട്ടായ്മ ഭാരവാഹികളായ ജോസഫ് ആന്റണി ഹെര്‍ട്ടിസും സമ്പത്ത് മാനുവലുമാണ് ആദ്യമായി സഹായവുമായി ഓടിയെത്തിയത്. സുമനസ്സുകളുടെ സഹായവും വാട്സാപ് കൂട്ടായ്മയ്ക്കു ലഭിക്കുന്നുണ്ട്.

ഇതിനിടെ, കോഴ്സ് തീരുന്നതു വരെയുള്ള ഫീസ് നല്‍കാമെന്ന വാഗ്ദാനവുമായി കൊച്ചിന്‍ വെസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. സംഘടനയുടെ ഭാരവാഹികളായ ഡോ. വിവേക് പ്രഭു, ഡോ.ജബീല്‍, ഡോ.വി.ജി. ജോര്‍ജ് എന്നിവര്‍ എഡ്നയെ സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചു.

എഡ്നയുടെ പിതാവ് പള്ളിപ്പറമ്പില്‍ ജോണ്‍സനും അമ്മ ബിന്ദുവും ഉള്‍പ്പടെയുള്ള കുടുംബവും ചായക്കട നടത്തിയാണ് കുടുംബം പുലര്‍ത്തുന്നത്. നസ്രത്ത് പള്ളിക്കു സമീപമുള്ള ഈ ചെറിയ ചായക്കടയോട് ചേര്‍ന്നുള്ള മുറിയിലാണ് എഡ്നയും 2 സഹോദരന്മാരും അടങ്ങുന്ന 5 അംഗ കുടുംബം താമസിക്കുന്നത്. വാന്‍ ഡ്രൈവറായിരുന്ന ജോണ്‍സന് നട്ടെല്ലിനു തകരാറു സംഭവിച്ചതോടെ ഒരു വര്‍ഷം കിടന്ന കിടപ്പിലാകേണ്ടി വന്നു. കടം കയറി വണ്ടിയും നഷ്ടമായി. എഴുന്നേറ്റു നടക്കാന്‍ ആയതോടെയാണ് ഉന്തുവണ്ടിയില്‍ ചായക്കച്ചവടം തുടങ്ങിയത്. ഓട്ടോ ഓടിച്ചിരുന്ന ബിന്ദുവും സഹായിയായി കൂടെ നിന്നു.

വാടക കൊടുക്കാന്‍ കഴിയാതായതോടെ വാടക വീട് ഒഴിയേണ്ടി വന്നതോടെയാണ് ചായക്കട നടത്താന്‍ മുറി നല്‍കിയ കടയുടമ അവിടെത്തന്നെ താമസിക്കാന്‍ അനുവാദം നല്‍കിയത്. പകല്‍ മാതാപിതാക്കള്‍ക്ക് ഒപ്പം ചായക്കടയില്‍ സഹായിക്കുന്ന എഡ്നയുടെ പഠനം രാത്രി ചായക്കട അടച്ചതിനു ശേഷമാണ്. ചായക്കട പ്രവര്‍ത്തിക്കുന്ന മുറി പിന്നീട് എഡ്നയുടെ പഠന മുറിയായി മാറും. കഷ്ടപ്പെട്ട് പഠിച്ചതിന് ഫലമുണ്ടായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ കുടുംബം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button