പാലക്കാട്: കാഞ്ഞിരത്താണിയിൽ വീടിന് നേരെ പെട്രോൾ ബോംബേറ് ഉണ്ടായി. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന്റെ ഒരുഭാഗവും ,വാഹനങ്ങളും കത്തി നശിച്ചു. പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നം മൂലം നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
വ്യാഴാഴ്ച അർധരാത്രിയാണ് ഫൈസലിന്റെ വീടിന് അജ്ഞാത സംഘം തീയിട്ടത്. വീടിന് മുന്നിൽ ഇരുചക്രവാഹനം, കാർ ,ടിപ്പർ ലോറി എന്നിവയുണ്ടായിരുന്നു. ഇതിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. വീടിന്റെ മുൻഭാഗവും കത്തി നശിച്ചു. ഫൈസൽ ഇന്നലെ വീട്ടിലുണ്ടായിരുന്നില്ല.
ബന്ധുക്കളും , അയൽവാസികളും ഓടി എത്തിയാണ് തീയണച്ചത്. പുക ശ്വാസിച്ചതിനെ തുടർന്ന് ഫൈസലിന്റെ ഭാര്യ റഹ്മത്ത് , എട്ടും, നാലും വയസുള്ള മക്കൾ , റഹ്മത്തിന്റെ സഹോദര പുത്രൻ റമീസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃത്താല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. രണ്ട് ദിവസം മുമ്പ് പ്രദേശത്തെ മറ്റൊരു വീടിനു നേരെ സമാനമായ ആക്രമണം ഉണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയാണ് ഈ ആക്രമണമെന്നാണ് പൊലീസിൻ്റെ നിഗമനം.