കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു; കൊച്ചിയില്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍
കൊച്ചി: എല്‍.എല്‍.ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. ഇടക്കൊച്ചി തെരേടത്ത് വീട്ടില്‍ ആന്റണിയുടെ മകന്‍ പ്രിജിനാണ് അറസ്റ്റിലായത്. നെട്ടൂര്‍ പെരിങ്ങാട്ട് ലെയ്നില്‍ വാടകയ്ക്ക് താമസിക്കുന്ന തേവര തിട്ടയില്‍ വീട്ടില്‍ വിനോദിന്റെയും പ്രീതിയുടെയും മകള്‍ ചന്ദനയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചന്ദനയെ വിവാഹം കഴിക്കാനിരുന്ന പ്രിജിന്‍ പിടിയിലായത്. പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഓട്ടോ ഡ്രൈവറാണ് ചന്ദനയുടെ അച്ഛന്‍. നല്‍കാവുന്നതില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതിന് പിന്നാലെയാണ് സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയോടെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ ചന്ദനയെ കണ്ടെത്തുകയായിരിന്നു. ബന്ധുക്കളുടെ പരാതിയില്‍ പനങ്ങാട് പോലീസ്, എസ്ഐ കെ ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.