അടൂർ: എൽ.കെ.ജി. വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും. അടൂർ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ്.എസ്. ഭവനിൽ സുധീഷിനെ(26)യാണ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. അതിജീവിതയുടെ പുനരധിവാസത്തിനുള്ള സകലചെലവുകളും നൽകാൻ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചിട്ടുമുണ്ട്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്.
2019 നവംബറിൽ, കുട്ടി എൽ.കെ.ജിയിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽവെച്ചാണ് പീഡനം നടന്നത്. അടൂർ സി.ഐ. ടി.ഡി.പ്രജീഷാണ് കേസ് അന്വേഷിച്ചത്.
പീഡനവിവരം മറച്ചുവെച്ചതിന് കുട്ടിയുടെ പിതാവിന് അറുമാസം തടവും വിധിച്ചു. എന്നാൽ ഇയാൾ നേരത്തെ വിചാരണത്തടവുകാരനായി കഴിഞ്ഞ കാലാവധി കണക്കിലെടുത്ത് വിട്ടയച്ചു. വിവരം മറച്ചുവെച്ചതിന് മാതാവിനെ കോടതി ശാസിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി. സ്മിത ജോൺ ഹാജരായി.