കൊച്ചി :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. വിനായകന്റെ ഫോൺ പിടിച്ചെടുത്ത പൊലീസ് ഇതു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. താൻ ഫെയ്സ് ബുക് ലൈവ് ചെയ്ത കാര്യം സമ്മതിച്ച വിനായകൻ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ലെന്നു മൊഴി നൽകി.
തന്റെ വീട് ആക്രമിച്ചെന്ന പരാതി പിൻവലിക്കുകയാണെന്നും വിനായകൻ പൊലീസിനെ അറിയിച്ചു. തനിക്കെതിരെ കേസെടുക്കരുതെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തിലാണു തീരുമാനമെന്നും വിനായകൻ പൊലീസിനോടു പറഞ്ഞു.
ഇന്നലെ ഉച്ചയോടെ വിനായകന്റെ കലൂരിലെ വീട്ടിലെത്തിയാണു പൊലീസ് ചോദ്യം ചെയ്‍തത്. ചോദ്യംചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം പൊലീസ് വാക്കാൽ ആവശ്യപ്പെട്ടെങ്കിലും വിനായകൻ എത്തിയിരുന്നില്ല. ഫെയ്സ്‌ബുക് ലൈവ് പെട്ടെന്നുള്ള പ്രകോപനത്തിൽ ഇട്ടതാണെന്നാണു നടന്റെ വിശദീകരണം.
മൊഴി രേഖപ്പെടുത്തിയ പൊലീസ് കൂടുതൽ പരിശോധനകൾക്കായാണു വിനായകന്റെ ഫോൺ പിടിച്ചെടുത്തത്. പൊലീസ് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസും നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കിയെന്നും റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു