KeralaNews

ആലപ്പുഴയിൽ രഞ്ജിത്ത് ശ്രീനിവാസന്‍റെ ഭാര്യ ലിഷ; എറണാകുളത്ത് അനിൽ ആന്‍റണി? ബിജെപി സാധ്യതാ പട്ടിക ഇങ്ങനെ

കൊച്ചി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതാ പട്ടികയിൽ ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ ഭാര്യയും. രണ്ട് കേന്ദ്രമന്ത്രിമാർ തലസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുമെന്നാണ് റിപ്പോർട്ട് പറയുന്നത്. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും വി മുരളീധരൻ ആറ്റിങ്ങലിലും മത്സരിക്കാനാണ് സാധ്യത. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും പ്രധാന നേതാവുമായ കുമ്മനം രാജേശഖേരന്‍റെ പേര് രണ്ട് മണ്ഡലങ്ങളിലേക്കാണ് പാർട്ടി പരിഗണിക്കുകയെന്നാണ് റിപ്പോർട്ട്. കൊല്ലത്തും പത്തനംതട്ടയിലുമാണ് ഇത്. കൊല്ലം മണ്ഡലത്തിൽ പ്രഥമ പരിഗണന കുമ്മനത്തിന് തന്നെയാകും. ഇവിടെ രണ്ടാമതായി ബിബി ഗോപകുമാറിന്‍റെ പേരിനാണ് സാധ്യത. പത്തനംതിട്ടയിൽ കൂടുതൽ സാധ്യത ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് തന്നെയാണ്. അതല്ലെങ്കിൽ കുമ്മനമാകും ഇവിടെ ജനവിധി തേടുക.

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്‍റെ ഭാര്യ ലിഷ രഞ്ജിത്ത് ആലപ്പുഴയിൽ സ്ഥാനാർഥിയായേക്കുമെന്നതാണ് പട്ടികയിലെ മറ്റൊരു സവിശേഷത. എസ്ഡിപിഐ പ്രവർത്തകരായായിരുന്നു രഞ്ജിത്തിന്‍റെ കൊലപാതകത്തിന് പിന്നിൽ. രഞ്ജിത്തിന്‍റെ കൊലപാതകം സംസ്ഥാനമാകെ ചർച്ചയായതുമാണ്.

ലിഷ മത്സരിക്കുകയാണെങ്കിൽ ഇത് വോട്ടായി മാറുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ലിഷയ്ക്ക് പുറമെ ഡോ. കെഎസ് രാധാകൃഷ്ണന്‍റെ പേരാണ് ആലപ്പുഴ മണ്ഡലത്തിലുള്ളത്. മാവേലിക്കര മണ്ഡലത്തിൽ പന്തളം പ്രതാപനാണ് സാധ്യത.

കോട്ടയത്ത് വിക്ടർ ടി തോമസ് ആകും എൻഡിഎ സ്ഥാനാർഥിയെന്നാണ് റിപ്പോർട്ട് പറയുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ അനിൽ ആന്‍റണി എറണാകുളം മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും. രാജ്യത്ത് തന്നെ ഏറെ ശ്രദ്ധയാകർഷിച്ച വാർത്തയായിരുന്നു എകെ ആന്‍റണിയുടെ മകന്‍റെ ബിജെപി പ്രവേശം. അനിൽ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. അനിൽ ആന്‍റണിയ്ക്ക് പുറമെ വിനീത ഹരിഹരൻ, ടി പി സിന്ധുമോൾ എന്നിവരുടെ പേരുകളാണ് എറണാകുളത്ത് ഉള്ളത്.

തൃശൂരിൽ സുരേഷ് ഗോപി തന്നെയാകും ഇത്തവണയും ജനവിധി തേടുക. ചാലക്കുടിയിൽ ജേക്കബ് തോമസ്, എ എൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ബിജെപിയ്ക്ക് പ്രതീക്ഷയുള്ള പാലക്കാട് സി കൃഷ്ണകുമാർ, ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ എന്നിവർക്കാണ് സാധ്യത പറയുന്നത്. ആലത്തൂരിൽ പി സുധീറിന്‍റെ പേരാണ് റിപ്പോർട്ടിലുള്ളത്. ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എപി അബ്ദുള്ളക്കുട്ടിയാകും മലപ്പുറത്തെ സ്ഥാനാർഥി. പൊന്നാനിയിൽ പ്രഫുൽ കൃഷ്ണയും ജനവിധി തേടിയേക്കും

കോഴിക്കോട് മണ്ഡലത്തിൽ എംടി രമേശ്, വടകര പ്രകാശ് ബാബു എന്നിവർക്ക് സാധ്യത പറയുന്ന പട്ടികയിൽ കണ്ണൂരിൽ പി കെ കൃഷ്ണദാസിനും ശോഭ സുരേന്ദ്രനുമാണ് സാധ്യത നൽകുന്നത്. കെ രഞ്ചിത്തിന്‍റെ പേരും കണ്ണൂരിലേക്ക് പരിഗണിച്ചേക്കും. പി കെ കൃഷ്ണദാസ് കാസർകോട് നിന്നാകും ജനവിധി തേടുക. കൃഷ്ണദാസിന് പുറമെ കെ ശ്രീകാന്തും ഇവിടെ സ്ഥാനാർഥി ചർച്ചയിലുണ്ടാകും. ഇടുക്കി, വയനാട് സീറ്റുകളിൽ ബിഡിജെഎസ് ആകും ജനവിധി തേടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker