ഡൽഹി: ലൈസൻസ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മദ്യഷോപ്പുടമകൾ അടച്ചിട്ടതോടെ തലസ്ഥാന നഗരമായ ദില്ലിയിൽ മദ്യക്ഷാമം. സർക്കാർ മദ്യവിൽപ്പനകൾക്കുള്ള എക്‌സൈസ് ലൈസൻസ് ഓഗസ്റ്റ് 31 വരെ നീട്ടിയെങ്കിലും ലെഫ്. ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ നഗരത്തിലെ മദ്യശാലകൾ തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചില്ല. വിവാദമായ മദ്യ നയം സർക്കാർ പിൻവലിച്ചതിനെ തുടർന്ന് മദ്യഷാപ്പുകളുടെ ലൈസൻസ് ജൂലൈ 31ന് അവസാനിക്കാനിച്ചിരുന്നു.
എന്നാൽ, ലൈസൻസ് ഓഗസ്റ്റ് 31 വരെ നീട്ടാൻ ദില്ലി സർക്കാർ തീരുമാനിച്ചു. എങ്കിലും ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ ദില്ലിയിലെ 468 സ്വകാര്യ മദ്യവിൽപ്പനശാലകൾ ഓഗസ്റ്റ് 1 മുതൽ അടച്ചിടാൻ തീരുമാനിച്ചു. ദില്ലി ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി ലഭിക്കുന്നതുവരെ മദ്യശാലകൾ പ്രവർത്തിക്കില്ലെന്നും ഉടമകൾ വ്യക്തമാക്കി.
നിലവിലുള്ള മദ്യവിൽപ്പന ലൈസൻസുകൾ ഒരു മാസത്തേക്ക് നീട്ടിയ ക്യാബിനറ്റ് തീരുമാനത്തിന് അനുമതി ലഭിക്കാനായി ലഫ്റ്റനന്റ് ഗവർണർക്ക് അയച്ചിട്ടുണ്ട്. ജൂലൈ 31 ന് ശേഷവും മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് ഗവർണറുടെ അനുമതിക്ക് ശേഷം പുറപ്പെടുവിക്കുമെന്ന് അധികൃതർ പറഞ്ഞു. വിവാദമായതിനെ തുടർന്ന് 2021-22ലെ എക്‌സൈസ് നയം റദ്ദാക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചിരുന്നു.
മദ്യനയത്തിൽ അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ സിബിഐ അന്വേഷണത്തിന് ലെഫ്. ഗവർണർ നിർദേശം നൽകി. പഴയ മദ്യനയം ആറുമാസം തുടരാനും തീരുമാനിച്ചു. പകരം സംവിധാനമായി സെപ്റ്റംബർ ഒന്നുമുതൽ സർക്കാർ മദ്യവിൽപ്പനശാലകൾ ആറ് മാസത്തേക്ക് തുറന്ന് പ്രവർത്തിക്കുമെന്നും ഈ കാലയളവിൽ സ്വകാര്യ കച്ചവടക്കാർ വ്യാപാരം തുടരുമെന്നും അധികൃതർ അറിയിച്ചു.
നേരത്തെ ഓഫറുകൾ നൽകി മദ്യം വിറ്റതിനാൽ വേഗത്തിൽ സ്റ്റോക്ക് തീരുകയും ചെയ്തു. മദ്യവിൽപ്പനശാലകളിൽ സ്റ്റോക്ക് തീർന്നതിനെ തുടർന്ന് ഉപഭോക്താക്കൾ നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. ജൂലൈ 30ന് ദില്ലിയിലെ മദ്യശാലകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സർക്കാർ മദ്യശാലകൾ തുറക്കുന്നതിന് മുമ്പ് മദ്യം ലഭിക്കാതെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന മദ്യഷാപ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവായിരുന്നു. നോട്ടുനിരോധനകാലത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് മദ്യഷാപ്പുകൾക്ക് മുന്നിൽ ആളുകൾ ക്യൂ നിന്നിരുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.