തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അമിതമായി മദ്യപിച്ചിരുന്നവര്‍ പോലും മദ്യം ലഭിക്കാത്ത സാഹചര്യത്തോട് പൊരുത്തപ്പെട്ടു വരുന്നതായി ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. ഒരു തരത്തിലും മദ്യം കിട്ടില്ലെന്ന സാഹചര്യം വന്നതോടെ നല്ലൊരു ശതമാനം മദ്യപരും വിടുതല്‍ ലക്ഷണങ്ങള്‍ പിന്നിട്ട് സ്വാഭാവികമായ മാനസികനിലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ കണ്ടെത്തല്‍.
<p>ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ആദ്യത്തെ ദിവസങ്ങളിലുണ്ടായ ചില അനിഷ്ട സംഭവങ്ങളൊഴികെ കാര്യമായ പ്രശ്നങ്ങളൊന്നും പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇതിനിടെ, വ്യാജമദ്യം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>മദ്യപിച്ചിരുന്നയാള്‍ക്ക് പെട്ടെന്നു മദ്യം കിട്ടാതാകുമ്പോള്‍ കൈ വിറയല്‍, ശരീരം വിറയല്‍, ഉറക്കം കുറയുക, മാനസികമായി അസ്വസ്ഥതയുണ്ടാകുക, അക്രമാസക്തനാകുക, പരിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും. എന്തെങ്കിലും വിധത്തില്‍ അണുബാധയുള്ളവര്‍ തുടങ്ങിയവരിലാണ് ഇതു കൂടുതല്‍ പ്രകടമാകുന്നത്.</p>
<p>മദ്യം ലഭിക്കാതെയുള്ള ആദ്യത്തെ 5- 10 മണിക്കൂറിനുള്ളില്‍ വിടുതല്‍ ലക്ഷണങ്ങള്‍ പ്രകടമാകും. 2- 3 ദിവസത്തിനുള്ളില്‍ അതു പാരമ്യത്തിലെത്തും. അതു കഴിഞ്ഞ് 4-5 ദിവസത്തിനുള്ളില്‍ സ്വാഭാവികമായ ശമനമുണ്ടാകുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആസക്തി കുറയുകയും രോഗലക്ഷണങ്ങള്‍ മാറുകയും ചെയ്യും. ഇനിയൊന്ന് നിയന്ത്രിക്കുകകൂടി ചെയ്താല്‍ മദ്യാസക്തി കുറയ്ക്കാവുന്നതേയുളളൂ എന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്.</p>