ബംഗളൂരു: കോളേജ് വിദ്യാർത്ഥികളുടെ ചുംബന മത്സര വീഡിയോ വൈറലായതിന് പിന്നാലെ സെന്റ് അലോഷ്യസ് കോളേജിലെ എട്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. വീഡിയോയിൽ കാണുന്ന പെൺകുട്ടി ലൈംഗികാതിക്രം ആരോപിച്ച് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇവരെ ജുവനൈൽ ജസ്റ്റിസ് കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കി. ഇവർക്കെതിരെ പോക്‌സോ, ഐടി ആക്‌ട് എന്നിവപ്രകാരം മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ആറ് മാസം മുൻപ് പകർത്തിയ വീഡിയോ അടുത്തിടെയായിരുന്നു പുറത്തുവിട്ടത്. മംഗളൂരുവിലെ ലൈറ്റ് ഹൗസ് ഹിൽ റോഡിന് സമീപമുള്ള അപ്പാർട്ട്‌മെന്റിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെ എല്ലാവരും ചേർന്ന് ട്രൂത്ത് ഓർ ഡേർ എന്ന മത്സരം കളിച്ചു. ഇതിന്റെ ഭാഗമായിരുന്നു വിദ്യാർത്ഥികൾ ചുംബിച്ചത്. യൂണിഫോം ധരിച്ചിരുന്ന വിദ്യാർത്ഥികൾ ചുംബിക്കുന്നതും സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന എല്ലാവരെയും അറിയാമെന്നും വിദ്യാർത്ഥികളിൽ ഒരാളുമായി അടുപ്പത്തിലായിരുന്നെന്നും പരാതി നൽകിയ പെൺകുട്ടി പറയുന്നു. ഇയാളുമായുള്ള ശാരീരികബന്ധം മറ്റ് ആൺകുട്ടികൾ ചേർന്ന് പകർത്തിയെന്നും ഇത് കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പതിനേഴുകാരനായ വിദ്യാർത്ഥിയാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി എട്ട് വിദ്യാർത്ഥികൾ പെൺകുട്ടിയെയും വീഡിയോയിൽ ഉള്ള മറ്റൊരു പെൺകുട്ടിയെയും പലതവണ പീഡിപ്പിച്ചതായും പൊലീസ് പറയുന്നു.