മയാമി:രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് വിജയം സ്വന്തമാക്കി യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ കടന്ന് ലയണൽ മെസിയുടെ ഇൻറർ മയാമി. എഫ്സി സിൻസിനാട്ടിയുമായി നടന്ന സെമിഫൈനൽ മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലാണ് അവസാനിച്ചത്. 3-3 എന്ന നിലയിൽ ഇരുടീമുകളും സമനില പാലിച്ചതോടെ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ഇൻറർ മയാമിയുടെ വിജയം.
മെസിയും ഇൻറർ മയാമിയുടെ ഇക്വഡോർ മുന്നേറ്റനിര താരം ലിയനാർഡോ കമ്പനയും ചേർന്നുള്ള കൂട്ടുകെട്ടാണ് ടീമിന് മിന്നുന്ന ജയം സമ്മാനിച്ചത്. മത്സരത്തിൽ കമ്പന രണ്ട് ഗോളുകളാണ് നേടിയത്. രണ്ടിനും അസിസ്റ്റ് ചെയ്തത് ലയണൽ മെസി തന്നെയായിരുന്നു.
18ാം മിനിറ്റിൽ ലൂസിയാനോ അകോസ്റ്റ നേടിയ ഗോളിലൂടെ സിൻസിനാട്ടിയാണ് മത്സരത്തിൽ മുന്നിലെത്തിയത്. ആദ്യപകുതിയിൽ 1-0 എന്ന നിലയിൽ ലീഡ് ചെയ്യാൻ അവർക്ക് സാധിച്ചു. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ 53ാം മിനിറ്റിൽ ബ്രണ്ടൻ വാസ്ക്വെസ് സിൻസിനാട്ടിക്ക് വേണ്ടി വീണ്ടും ഗോളടിച്ചു. രണ്ട് ഗോളിന് പിറകിലായതോടെ ഇൻറർ മയാമിക്ക് തിരിച്ചുവരാനുള്ള സാധ്യതകൾ മങ്ങിയിരുന്നു.
എന്നാൽ ലയണൽ മെസിയെന്ന ഇതിഹാസ താരത്തിൻെറ മാസ്മരിക പ്രകടനം ഇൻറർ മയാമിയെ സമനിലയിലേക്കും പിന്നീട് ഷൂട്ടൗട്ടിൽ വിജയത്തിലേക്കും എത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. മത്സരം അവസാനിക്കാൻ 22 മിനിറ്റ് ബാക്കിനിൽക്കെ 68ാം മിനിറ്റിൽ കിട്ടിയ ഫ്രീകിക്കിലാണ് ആദ്യഗോൾ വന്നത്. ഫ്രീകിക്ക് എടുത്ത മെസി പന്ത് കൃത്യമായി കമ്പനയുടെ തലയ്ക്ക് നേരെ പായിച്ചു. അത് ഹെഡ് ചെയ്ത് ഗോളാക്കുക എന്ന പണി മാത്രമേ താരത്തിന് ചെയ്യാനുണ്ടായിരുന്നുള്ളൂ.
ഒരു ഗോൾ തിരിച്ചടിക്കാൻ സാധിച്ചതോടെ ഇൻറർ മയാമി വീണ്ടും ഉണർന്ന് കളിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വീണ്ടും മെസി മാജിക് കാണിച്ചു. കമ്പനയുടെ ഹെഡ്ഡർ ഗോളിലൂടെ ഇൻറർ മയാമി സമനില പിടിച്ചു. മത്സരം അധികസമയത്തേക്കും നീണ്ടു. ജോസഫ് മാർട്ടിനസിലൂടെ അധിക സമയത്ത് മുന്നിലെത്തിയത് മയാമിയായിരുന്നു. എന്നാൽ യുയ കുബോയിലൂടെ സിൻസിനാട്ടി തിരിച്ചടിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം തന്നെയാണ് നിന്നത്. 4-4 എന്ന നിലയിൽ നിൽക്കവേ സിൻസിനാട്ടിക്കായി അഞ്ചാം കിക്കെടുത്ത നിക്ക് ഹാഗ്ലണ്ടിന് പിഴച്ചു. ഇൻറർ മയാമി ഗോളി കിക്ക് സേവ് ചെയ്തു. ക്രെമാഷിയുടെ ഗോളടിച്ച് മയാമി വിജയം സ്വന്തമാക്കുകയും ചെയ്തു.
ലയണൽ മെസി ക്ലബ്ലിലേക്ക് എത്തിയതിന് ശേഷം ഇൻറർ മയാമി ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ് കളിക്കാൻ പോവുന്നത്. ടീമിന് വേണ്ടി കളിച്ച 7 മത്സരങ്ങളിലും മെസിക്ക് ഗോളടിക്കാൻ സാധിച്ചിട്ടുണ്ട്. ലീഗ്സ് കപ്പിൽ വിജയം നേടിയ ഇൻറർ മയാമി ഇനി യുഎസ് ഓപ്പൺ കപ്പിലും കിരീടം നേടി കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്.