ആറ് കമ്പനികളില്‍ നിന്ന് കൂടി വീണ മാസപ്പടി വാങ്ങി’; ആരോപണവുമായി കെ സുരേന്ദ്രന്‍

കോട്ടയം:മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിഎംആര്‍എല്ലിന് പുറമേ ആറ് കമ്പനികളില്‍ നിന്നു കൂടി വീണ മാസപ്പടി കൈപ്പറ്റി എന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. എ കെ ബാലന്‍ നടത്തിയ തട്ടിപ്പുകളുടെ തെളിവുകള്‍ കൈവശമുണ്ടെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

ജെഡിടി ഇസ്ലാം, ഐഡിയല്‍ എഡ്യൂക്കേഷനല്‍ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക് ആന്‍ഡ് മാനേജ്‌മെന്റ സൊല്യൂഷന്‍സ്, സാന്റ മോണിക്ക, റിംസ് ഫൌണ്ടേഷന്‍, അനന്തപുരി എഡ്യൂക്കേഷണല്‍ സൊസൈറ്റി എന്നീ കമ്പനികളില്‍ നിന്ന് വീണ മാസപ്പടി കൈപ്പറ്റി എന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ചാരിറ്റിയുടെ മറവില്‍ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്ന കമ്പനികള്‍ ആണ് ഇവയെന്നും സുരേന്ദ്രന്റെ ആരോപണം. അഗ ബാലന്‍ 1000കണക്കിന് കോടി രൂപയുടെ പണം തിരിമറി നടത്തിയിതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വീണ വിജയന് പ്രതിരോധം തീര്‍ക്കുന്ന എ കെ ബാലനെതിരെയും ആരോപണം ഉന്നയിച്ച് മാസപ്പടി വിവാദം കടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഇഡി അന്വേഷണം അടക്കം കൊണ്ടുവരാനും അണിയറയില്‍ നീക്കം സജീവമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച  57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായി രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

2017 ആഗസ്റ്റിനും 2018 ഒക്ടോബറിനു മിടയില്‍ 14 ഇന്‍വോയിസുകളില്‍ നിന്നായി 8 ലക്ഷത്തി പതിനായിരം രൂപ ഐജിഎസ്ടി അടച്ചതായി സംസ്ഥാന ജിഎസ് ടി വകുപ്പിന്‍റെ സെര്‍വറിലെ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ബാക്കി ഇടപാടുകളുടെ നികുതി രേഖകള്‍ ലഭ്യമല്ല എന്നാണ് സൂചന.

ഐടി സേവന കമ്പനിയായ എക്സാലോജിക്കും കെഎംആര്‍എല്ലും തമ്മില്‍ കൈമാറിയ 57 ലക്ഷം രൂപയുടെ സേവന നികുതിയടച്ചിട്ടുണ്ടൊയെന്ന പരിശോധനയിലാണ് ഇടപാടിന്‍റെ ആദ്യ ഘട്ടത്തില്‍ എക്സാലോജിക് നികുതിയടച്ചതിന്‍റെ രേഖകള്‍ പുറത്തുന്നത്.

2017 ആഗസ്റ്റിനും  2018 ഒക്ടോബറിനുമിടയില്‍ വീണയുടെ കമ്പനി 45 ലക്ഷം രൂപയുടെ ഇന്‍വോയ്സ് കെഎംആര്‍എല്ലിന് സിഎംആര്‍എല്ലിന് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 45 ലക്ഷം രൂപയും ഇതിന്‍റെ 18 ശതമാനം നികുതിയുമടക്കം 53 ലക്ഷത്തി പതിനായിരം രൂപ എക്സാലോജിക്കിന് സിഎംആര്‍എല്‍ നല്‍കി.

ഇന്‍വോയ്സ് പ്രകാരമുള്ള നികുതി തുകയായ 8 ലക്ഷത്തി പതിനായിരം രൂപ എക്സസാലോജിക് ഐജിഎസ് ടി അടച്ചതായും സെര്‍വര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഈ രേഖകള്‍ സിഎംആര്‍എല്ലിന്‍റെ  2 ബി ഫോമിലുമുണ്ട്. അതായത് 45 ലക്ഷം രൂപയുടെ  18 ശതമാനം നികുതിയടച്ച രേഖകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. 

ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന് ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം  2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എക്സാലോജിക്കിന് 57 ലക്ഷം രൂപയും വീണക്ക് ഒരു കോടി 15 ലക്ഷം രൂപയും സിഎംആര്‍എല്ലിന്‍റെ അക്കൗണ്ടില്‍ നിന്നും നല്‍കിയിട്ടുണ്ട്.

ആകെ ഒരു കോടി 72 ലക്ഷം രൂപ. ഇതില്‍ എക്സാലോജിക്കിന് ലഭിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രമാണ് നികുതി ഒടുക്കിയിരിക്കുന്നത്. വീണക്കും എക്സാലോജിക്കിനും നല്‍കിയ പണം ഐടി സേവനത്തിനുള്ള പ്രതിഫലമാണെങ്കില്‍ 31 ലക്ഷത്തോളം രൂപയാണ് നികുതി വരുക. എന്നാല്‍ അത്രയും നികുതി ലഭിച്ചതായി രേഖകള്‍ ജിഎസ് ടി സെര്‍വറില്‍ ലഭ്യമല്ലെന്നാണ് സൂചന.

സിഎംആര്‍എല്ലില്‍ നിന്നും കമ്പനിക്കും വീണക്കും ലഭിച്ച പണത്തിന്‍റെ ഐജിഎസ്ട ടി അടച്ചിട്ടുണ്ടോയെന്ന് നികുതി സെക്രട്ടറിയും ജിഎസ് ടി കമ്മീഷണറേറ്റും പരിശോധിച്ചു വരുകയാണ്. ആ ഘട്ടത്തിലാണ് ഇടപാടിന്‍റെ ആദ്യ ഘട്ടത്തില്‍ നികുതി ഒടുക്കിയതിന്‍റെ രേഖകള്‍ പുറത്തുവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News