പാരിസ്: പി.എസ്.ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്ക്ക് വേണ്ടി വലവിരിച്ച് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍. പി.എസ്.ജിയില്‍ നിന്ന് മെസ്സിയെ സ്വന്തമാക്കാനായി പണം വാരിയെറിയാന്‍ തയ്യാറായാണ് അല്‍ ഹിലാലിന്റെ വരവ്.
400 മില്യണ്‍ യൂറോയാണ് (ഏകദേശം 3600 കോടി രൂപ) അല്‍ ഹിലാല്‍ മെസ്സിയ്ക്ക് വേണ്ടി മുടക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
അടുത്ത സീസണില്‍ മെസ്സി പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പി.എസ്.ജി വിടാനൊരുങ്ങുന്ന മെസ്സിയെ സ്വന്തമാക്കാന്‍ താരത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയും രംഗത്തുണ്ട്. എന്നാല്‍ അല്‍ ഹിലാലിന്റെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ അത് പുതിയൊരു റെക്കോഡിന് വഴി വെയ്ക്കും. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കരാര്‍ തുകയായി ഇത് മാറും. നിലവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഉയര്‍ന്ന കരാര്‍ തുക ലഭിച്ച താരം. പക്ഷേ യൂറോപ്പില്‍ തന്നെ തുടരാനാണ് മെസ്സിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ താരം ബാഴ്‌സലോണയിലേക്ക് ചേക്കേറിയേക്കും.
200 മില്യണ്‍ യൂറോ മുടക്കി റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്ര്‍ സ്വന്തമാക്കിയിരുന്നു. മറ്റൊരു സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദും മെസ്സിയ്ക്ക് പിന്നാലെയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരിം ബെന്‍സേമയെ സ്വന്തമാക്കാനും ഇത്തിഹാദ് ശ്രമിക്കുന്നുണ്ട്.
പാരിസ് ലീഗ് വണ്ണില്‍ സ്വന്തം മൈതാനത്ത് തുടര്‍ച്ചയായ രണ്ടാം തവണയും പിഎസ്ജി തോല്‍വി വഴങ്ങിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കുനേരേ കൂവി വിളിച്ച് ക്ലബ്ബിന്റെ ആരാധകര്‍ രംഗത്തെത്തിയിരുന്നു
കഴിഞ്ഞ ദിവസം ഒളിമ്പിക് ലിയോണിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജിയുടെ തോല്‍വി. രണ്ടാഴ്ച മുമ്പ് റെനെയ്‌ക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി നേരിട്ട മത്സരത്തിലും കാണികള്‍ മെസ്സിക്കു നേരേ കൂവി വിളിച്ചിരുന്നു. ഈ സീസണു ശേഷം താരം പിഎസ്ജി വിട്ട് ബാഴ്‌സലോണയിലേക്ക് തിരികെ മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആരാധകരുടെ ഇത്തരത്തിലുള്ള പെരുമാറ്റം.
ലിയോണിനെതിരായ മത്സരത്തിനു മുമ്പ് പിഎസ്ജിയുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് മെസ്സിയുടെ പേര് വായിച്ചപ്പോള്‍ ആരാധകര്‍ കൂക്കുവിളികള്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിനിടെയും ആരാധകര്‍ പരസ്യമായി മെസ്സിയെ കൂവി വിളിച്ച് പരസ്യമായി അവഹേളിച്ചിരുന്നു.