31.1 C
Kottayam
Tuesday, May 14, 2024

ഷാരൂഖ് സെയ്ഫി കുറ്റംസമ്മതിച്ചതായി മഹാരാഷ്ട്ര ATS; കൈയിലുണ്ടായിരുന്നത് പാൻ, ആധാർ, എടിഎം, ഫോൺ

Must read

ന്യൂഡൽഹി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ.ടി.എസ്. മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗവും (എ.ടി.എസ്) കേന്ദ്ര ഇന്റലിജന്‍സ് ഏജൻസികളും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ രത്നഗിരിയിൽ നിന്ന് ചൊവ്വാഴ്ച പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചതെന്ന് എ.ടി.എസ്. പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പോലീസ് പിടിയിലാകും മുമ്പ് ഇയാൾ രത്നഗിരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പോലീസിനെ പേടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് ഇന്റലിജൻസിന്റെ വിവരപ്രകാരം മഹാരാഷ്ട്ര എ.ടി.എസും രത്നഗിരി പോലീസും ചേർന്ന് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിയുടെ പക്കൽ നിന്ന് പാൻ കാർഡ്, ആധാർ കാർഡ്, മോട്ടോറോളയുടെ മൊബൈൽ ഫോൺ, എ.ടി.എം. തുടങ്ങിയവ പോലീസ് കണ്ടെടുത്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഷാരൂഖ് സെയ്ഫിയുമായി കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കേരളത്തിലേക്ക് യാത്ര തിരിച്ചതായാണ്‌ വിവരം. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതിയെ കേരള പോലീസ് സംഘത്തിന് കൈമാറിയത്. ഇതിന് മുന്‍പ് എന്‍.ഐ.എ.യും മഹാരാഷ്ട്ര എ.ടി.എസും പ്രതിയെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയുമായി കേരള പോലീസ് സംഘം യാത്രതിരിക്കുകയായിരുന്നു.

ഡിവൈ.എസ്.പി. റഹീം അടക്കമുള്ളവരാണ് കേരള പോലീസ് സംഘത്തിലുള്ളത്. സുരക്ഷാപ്രശ്‌നം കാരണം പോലീസ് സംഘത്തിന് ട്രെയിന്‍മാര്‍ഗമുള്ള യാത്രയ്ക്ക് അനുമതി കിട്ടിയില്ല. ഇതോടെയാണ് റോഡ് മാര്‍ഗം പ്രതിയെ കൊണ്ടുപോയതെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week