മാഡ്രിഡ്: ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടരുമെന്ന സൂചന നല്‍കി മെസ്സിയുടെ അച്ഛനും ഏജന്റുമായ ജോര്‍ജെ മെസ്സി. മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ടു ബാഴ്സലോണ ബോര്‍ഡുമായി ജോര്‍ജെ ചര്‍ച്ച നടത്തിയിരുന്നു. ഇതു നല്ല രീതിയില്‍ തന്നെ അവസാനിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു സീസണ്‍ കൂടി ബാഴ്സലോണയില്‍ തന്നെ മെസ്സി തുടരുമെന്ന സൂചനയാണ് ജോര്‍ജെ നല്‍കിയിരിക്കുന്നത്.
2021 വരെയാണ് നിലവില്‍ മെസ്സിക്കു ക്ലബ്ബുമായി കരാറുള്ളത്. ഇത് അവസാനിക്കുന്നതു വരെ ക്ലബ്ബിനൊപ്പം തുടരാന്‍ അദ്ദേഹം സമ്മതം മൂളിയെന്നുമാണ് വിവരം.
ഈ വര്‍ഷം മേയ് 31നുള്ളില്‍ തികച്ചും ഫ്രീയായി ക്ലബ്ബ് വിടാമെന്ന ഒരു ഉപാധി മെസ്സിയുടെ കരാറിലുണ്ടായിരുന്നു.
മേയ് 31ന് ശേഷമാണ് ക്ലബ്ബ് വിടുന്നതെങ്കില്‍ 700 മില്ല്യണ്‍ യൂറോ താരത്തെ വാങ്ങുന്ന ക്ലബ്ബ് ബാഴ്സയ്ക്കു നല്‍കുകയും വേണം. എന്നാല്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത്തവണത്തെ സീസണ്‍ ആഗസ്റ്റിലായിരുന്നു അവസാനിച്ചത്. ഇതു പരിഗണിച്ച് കരാറിലെ ഉപാധിയില്‍ തനിക്കു ഇളവ് നല്‍കണമെന്നുമായിരുന്നു മെസ്സിയുടെ ആവശ്യം.
പക്ഷെ ഇതു അംഗീകരിക്കാന്‍ ബാഴ്സ തയ്യാറായില്ല. മേയ് 31 എന്ന തിയ്യതി നീട്ടി നല്‍കാന്‍ കഴിയില്ലെന്നും ബാഴ്സ നിലപാടെടുത്തു. ഇതേ തുടര്‍ന്ന് ബാഴ്സയുടെ കൊവിഡ് ടെസ്റ്റില്‍ നിന്നും പിന്നീട് പരിശീലന ക്യാംപില്‍ നിന്നും മെസ്സി വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.