EntertainmentKeralaNews

കടുത്ത ഡിപ്രഷനിലൂടെ കടന്ന് പോയ സമയം; ആ സംഭവത്തിന് ശേഷം അച്ഛനുമായുള്ള ബന്ധത്തിൽ വന്ന മാറ്റം; ലിജോ

കൊച്ചി:വൻ ഹൈപ്പിൽ തിയറ്ററിലേക്കെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മാലൈക്കോ‌ട്ടെ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ സിനിമയിൽ രണ്ട് പേരുടെയും ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. വിമർശനങ്ങൾക്കെതിരെ ലിജോ പത്രസമ്മേളനം ന‌ടത്തിയ സാഹചര്യവുമുണ്ടായി. വാലിബൻ മികച്ച സിനിമയാണെന്ന വാദവും പ്രേക്ഷകരിൽ ഒരു വിഭാ​ഗത്തിനുണ്ട്.

വാലിബന് നേരെ വന്ന വിമർശനങ്ങളെക്കുറിച്ചും പ്രേക്ഷകരുടെ അഭിരുചികളെക്കുറിച്ചും സംസാരിക്കുകയാണ് ലിജോ ജോസിപ്പോൾ. ഫിലിം കംപാനിയനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. വെള്ളപ്പൊക്കവും കൊവിഡും വന്ന സമയത്ത് ആളുകൾ ക്ഷമാശീലരായിരുന്നു. എല്ലാവരോടും കരുണ കാണിച്ചു. അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കാൻ തുടങ്ങി. പങ്കുവെക്കാൻ തുടങ്ങി. പക്ഷെ അത് കുറച്ച് കാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളുകൾക്ക് വൈരാ​ഗ്യമാണ്. പരസ്പരം ഒരുപാട് വിദ്വേഷത്തിലാണ്.

യഥാർത്ഥ ലോകത്തിന്റെ വിർച്വൽ ഫോം ആണ് സോഷ്യൽ മീഡിയ. വാലിബന്റെ ചർച്ച നടക്കുന്നത് കണ്ടപ്പോൾ ജെല്ലിക്കെട്ട് ക്ലെെമാക്സ് പോലെയാണ് തോന്നിയതെന്നും ലിജോ ജോസ് തുറന്ന് പറഞ്ഞു. പ്രേക്ഷകരുടെ പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്ന ആളായി മാറുക എന്നതല്ല നമ്മുടെ ജോലി. അവരുടെ കാഴ്ചയിലുള്ള അഭിരുചി മെച്ചപ്പെടുത്തണമെന്ന ആ​ഗ്രഹമാണ് ഓരോ ക്രിയേറ്റർക്കും വേണ്ടത്. താനതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി. വിമർശനത്തെ ഞങ്ങൾ വെറുക്കുന്നു എന്നാണ് ആളുകൾ ധരിച്ച് വെച്ചിരിക്കുന്നത്.

അതല്ല വിമർശനത്തെ സ്വാ​ഗതം ചെയ്യുന്നു. പക്ഷെ വലിയൊരു കൂട്ടം ആളുകൾ ആരെയും സിനിമ കാണാതിരിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലേക്കെത്തി. പത്ത് വർഷം കഴിഞ്ഞിട്ട് പോലും കാണാനാ​ഗ്രഹിക്കാത്ത തരത്തിൽ സംസാരിച്ച് കഴിഞ്ഞാൽ അത് ദുഖകരമാണെന്നും ലിജോ അഭിപ്രായപ്പെട്ടു. ഈ തിരക്കഥയിൽ ഇങ്ങനെ വന്നിരുന്നെങ്കിൽ നന്നായേനെ ഈ കഥാപാത്രം ഇങ്ങനെ ആയിരുന്നെങ്കിൽ നന്നായേനെ എന്ന് പറയുന്നു. അത് എന്റെ സിനിമയല്ല. നിങ്ങളുടെ സിനിമയാണ്. നിങ്ങളുടെ മനസിലെ സിനിമ താനുണ്ടാക്കില്ലെന്നും ലിജോ ജോസ് പെല്ലിശേരി വ്യക്തമാക്കി.

ക‌ടുത്ത ഡിപ്രഷനിലൂ‌ടെ കൊവി‍ഡ് കഴിഞ്ഞ സമയത്ത് ഞാൻ കടന്ന് പോയിട്ടുണ്ട്. ആ സമയത്ത് എനിക്ക് സിനിമകൾ കാണാൻ താൽപര്യമില്ലായിരുന്നു. പുസ്തകം വായിക്കാനോ കഥകൾ കേൾക്കാനോ താൽപര്യം ഇല്ലായിരുന്നു. ഓരോ സമയത്തും നമ്മൾ ഓരോ ഘട്ടത്തെ അഭിമുഖീകരിക്കും. എന്തെങ്കിലും പുതിയതുമായി അതിൽ നിന്ന് പുറത്ത് കടക്കും. ഡിപ്രഷന്റെ ഘട്ടത്തിൽ നിന്നും താൻ പുറത്ത് കടന്നപ്പോൾ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുണ്ടായെന്നും ലിജോ ജോസ് പെല്ലിശ്ശേരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്നര വർഷമായി വാലിബനെ കുറിച്ച് മാത്രമാണ് ആലോചിച്ചിരുന്നത്.

സിനിമ പുറത്തിറങ്ങിയതിനാൽ ഇനി പുതിയൊരു സോണിലേക്ക് ക‌ടക്കും. സ്വാഭാവികമായാണ് അങ്ങനെ സംഭവിക്കേണ്ടതെന്നും ലിജോ ജോസ് അഭിപ്രായപ്പെട്ടു. ഒരു സിനിമ കഴിഞ്ഞ് എത്രയും പെട്ടെന്ന് അടുത്ത സിനിമയിലേക്ക് കടക്കാൻ ശ്രമിക്കാറുണ്ട്. കാരണം എനിക്ക് ഒരുപാട് കഥകൾ പറയാനുണ്ട്.

അതിനെ പറ്റി മാത്രമേ ആലോചിക്കുന്നുള്ളൂ. ചെയ്ത എല്ലാ സിനിമയും കുറേക്കാലം മനസിൽ നിൽക്കുമെന്നും ലിജോ ജോസ് അഭിപ്രായപ്പെട്ടു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് വീട്ടിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം ഓടിപ്പോയതിനെക്കുറിച്ചും ലിജോ സംസാരിച്ചു. സ്വാതന്ത്രത്തിന് വേണ്ടിയാണ് പോയത്. അന്ന് തിരിച്ച് വന്ന ശേഷം അച്ഛനുമായുള്ള ബന്ധത്തിൽ വ്യത്യാസം വന്നെന്നും ലിജോ ഓർത്തു. അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയാണ് ലിജോയുടെ പിതാവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button