തിരുവനന്തപുരം:തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കിറ്റക്‌സ് ഉടമ സാബു ജേക്കബ്. ന്യൂസ് അവറിലായിരുന്നു സാബു ജേക്കബിന്റെ വെളിപ്പെടുത്തൽ. എന്റെ ജീവൻ തന്നെ അപകടത്തിലാണ് എന്നായിരുന്നു സാബു എം. ജേക്കബ് വെളിപ്പെടുത്തിയത്. സർക്കാർ വികസനത്തിനോട് മുഖം തിരിച്ചു നിൽക്കുകയാണെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് പിരിവ് നൽകാത്തതിനും ഇഷ്ടക്കാരായ അനർഹർക്ക് ജോല നൽകാത്തതുമൊക്കെ എന്നെ ഉപദ്രവിക്കാൻ പല സമയങ്ങളിലായി കാരണങ്ങളായെന്നും സാബു എം ജേക്കബ് പറയുന്നു.
അതേസമയം ഇന്നലെ വൈകീട്ടും തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയെന്ന് സാബു എം ജേക്കബ് ആരോപിച്ചു. 76 നിയമങ്ങള്‍ ലംഘിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. സമീപപ്രദേശങ്ങള്‍ മലിനമാക്കുന്നു എന്ന പരാതിയെക്കുറിച്ച് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെന്നും പരിശോധനകളെ കുറിച്ച് ഉദ്യോഗസ്ഥരോട് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപം പിന്‍വലിക്കുന്നു എന്ന് പറഞ്ഞു മൂന്ന് ദിവസത്തിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ വരുന്നത്. കഴിഞ്ഞ മാസം 28ന് ഇറക്കിയ നോട്ടീസാണ് ഇന്നലെ കിട്ടിയത്. ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണം. എല്ലാ രേഖകളും ഹാജരാക്കാന്‍ തയ്യാറാണ്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തണമെന്നും തെറ്റ് സംഭവിച്ചെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി തുടങ്ങാനായി ബംഗ്ലാദേശില്‍ നിന്ന് ക്ഷണം വന്നു. പ്രശ്‌നം പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടീസ് നല്‍കുകയാണ്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കണം. അല്ലെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല.
ഉദ്യോഗസ്ഥരുടെ തെറ്റുകള്‍ തെളിയിച്ചാല്‍ നടപടിയെടുക്കുമോ. പദ്ധതി ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞു മൂന്ന് ദിവസം കഴിഞ്ഞാണ് സര്‍ക്കാര്‍ ഇടപെടുന്നത്. 26 വര്‍ഷം 76 നിയമങ്ങള്‍ ലംഘിച്ചാണോ പ്രവര്‍ത്തനം നടത്തിയതെന്ന് സര്‍ക്കാര്‍ പറയണം. വിളിച്ചാല്‍ കിട്ടില്ലെന്ന മന്ത്രിയുടെ ആരോപണം തെറ്റെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളവുമായുള്ള 3500 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ച കിറ്റെക്സിന് തെലുങ്കാന സര്‍ക്കാരിന്‍റെ ക്ഷണം. കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബിന് തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു സന്ദേശം കൈമാറി. കിറ്റെക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് ആറ് സംസ്ഥാനങ്ങളാണ് എത്തിയിരിക്കുന്നത്. ഇതോടെ കിറ്റെക്സ് വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.