KeralaNews

ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് ഡെന്മാർക്ക് യൂറോ സെമി ഫൈനലിൽ

ബാക്കു:തുല്യ ശക്തികളുടെ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് ഡെന്മാർക്ക് യൂറോ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഡെന്മാർക്കിന്റെ വിജയം. ടൂർണമെന്റിൽ അട്ടിമറികളുമായി മുന്നേറിയ ഡെന്മാർക്കും ചെക്കും മികച്ച പ്രകടനമാണ് ക്വാർട്ടറിൽ പുറത്തെടുത്തത്.

ഡെന്മാർക്കിനായി തോമസ് ഡെലാനി, കാസ്പർ ഡോൾബെർഗ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ചെക്ക് റിപ്പബ്ലിക്കിനായി സൂപ്പർതാരം പാട്രിക്ക് ഷിക്ക് ആശ്വാസ ഗോൾ നേടി.
സെമി ഫൈനലിൽ ഇംഗ്ലണ്ട്-യുക്രൈൻ മത്സര വിജയികളെയാണ് ഡെന്മാർക്ക് നേരിടുക. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാനായത് ഡെന്മാർക്കിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. 1992-ൽ ഡെന്മാർക്ക് യൂറോ കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. 29 വർഷങ്ങൾക്ക് ശേഷമാണ് ഡെന്മാർക്ക് സെമി ഫൈനലിലെത്തുന്നത്.

ഡെന്മാർക്ക് കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ചെക്ക് റിപ്പബ്ലിക്ക് ഒരു മാറ്റമാണ് ടീമിൽ വരുത്തിയത്. മത്സരം തുടങ്ങി അഞ്ചാം മിനിട്ടിൽ തന്നെ ചെക്കിനെതിരേ ഡെന്മാർക്ക് ലീഡെടുത്തു.
മത്സരത്തിൽ ലഭിച്ച ആദ്യ കോർണർ തന്നെ ലക്ഷ്യത്തിലെത്തിച്ച് ഡെന്മാർക്ക് ചെക്ക് റിപ്പബ്ലിക്കിനെ ഞെട്ടിച്ചു. സ്ട്രൈഗർ എടുത്ത കോർണർ കിക്കിന് കൃത്യമായി തലവെച്ച് തോമസ് ഡെലാനി ടീമിന് ലീഡ് സമ്മാനിച്ചു. മാർക്ക് ചെയ്യപ്പെടാതെയിരുന്ന ഡെലാനിയിലേക്ക് പന്ത് വന്നപ്പോൾ അവസരം പാഴാക്കാതെ അദ്ദേഹം ഗോൾകീപ്പർ വാസ്ലിക്കിനെ കീഴടക്കി പന്ത് വലയിലെത്തിച്ചു. ആദ്യ മുന്നേറ്റത്തിൽ തന്നെയാണ് ഡെന്മാർക്ക് ഗോൾ നേടിയത്. ഗോൾ വീണതോടെ ചെക്ക് ഉണർന്നുകളിച്ചു.

11-ാം മിനിട്ടിൽ ചെക്കിന്റെ കുന്തമുനയായ പാട്രിക്ക് ഷിക്ക് ഡെന്മാർക്ക് ബോക്സിനകത്തേക്ക് ഇരച്ചുകയറിയെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നാലെ ഡെന്മാർക്കിന്റെ ഡാംസ്ഗാർഡിന് ഓപ്പൺ അവസരം ലഭിച്ചിട്ടും പന്ത് വലയിലെത്തിക്കാൻ താരത്തിന് സാധിച്ചില്ല.16-ാം മിനിട്ടിൽ ഡെലാനിയ്ക്ക് ചെക്ക് ബോക്സിനകത്തുവെച്ച് തുറന്ന അവസരം ലഭിച്ചു. എന്നാൽ താരത്തിന് പന്ത് കൃത്യമായി കാലിലെടുത്ത് വലയിലെത്തിക്കാൻ സാധിച്ചില്ല. 21-ാം മിനിട്ടിൽ ചെക്കിന്റെ ഹോൾസ് പന്തുമായി ബോക്സിലെത്തിയെങ്കിലും ഗോൾകീപ്പർ ഷ്മൈക്കേൽ പന്ത് തട്ടിയകറ്റി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ചെക്ക് റിപ്പബ്ലിക്കാണ്. 33-ാം മിനിട്ടിൽ സ്ട്രൈഗർക്ക് ബോക്സിനകത്തുവെച്ച് ഗോളവസരം ലഭിച്ചെങ്കിലും ചെക്ക് ഗോൾകീപ്പർ വാസ്ലിക്ക് മുന്നോട്ട് കയറിവന്ന് പന്ത് പിടിച്ച് അപകടം ഒഴിവാക്കി.ചെക്ക് മുന്നേറ്റനിരയുടെ തുടർച്ചായുള്ള ആക്രമണങ്ങളെ ഡെന്മാർക്ക് പ്രതിരോധം നന്നായി തന്നെ നേരിട്ടു. 37-ാം മിനിട്ടിൽ ഡാംസ്ഗാർഡിന്റെ ലോങ്റേഞ്ചർ വാസ്ലിക്ക് തട്ടിയകറ്റി.

ചെക്കിന്റെ ആത്മവിശ്വാസം തല്ലിക്കെടുത്തി ഡെന്മാർക്ക് 42-ാം മിനിട്ടിൽ മത്സരത്തിലെ രണ്ടാം ഗോൾ നേടി. ഇത്തവണ ഗോളടിയന്ത്രം കാസ്പർ ഡോൾബെർഗാണ് ടീമിനായി ഗോൾ നേടിയത്. മെയ്ലിന്റെ അളന്നുമുറിച്ച ക്രോസിൽ കാലുവെച്ച് ഗോൾകീപ്പർ വാസ്ലിക്കിനെ കാഴ്ചക്കാരനാക്കി ഡോൾബെർഗ് രണ്ടാം ഗോൾ നേടി. രണ്ട് മത്സരങ്ങളിൽ നിന്നുമായി താരം നേടുന്ന മൂന്നാം ഗോളാണിത്. ഇതോടെ മത്സരത്തിൽ ഡെന്മാർക്ക് ആധിപത്യം പുലർത്തി. ആദ്യ പകുതിയിൽ ടീം 2-0 എന്ന സ്കോറിന് ലീഡെടുത്തു.

രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ പകരക്കാരനായി വന്ന ചെക്ക് റിപ്പബ്ലിക്കിന്റെ മൈക്കിൾ ക്രിമെൻസിക്കിന് മികച്ച അവസരം ലഭിച്ചു. എന്നാൽ പന്ത് ഷ്മൈക്കേൽ കൃത്യമായി തട്ടിയകറ്റി. രണ്ടാം പകുതിയിൽ ആക്രമണ ഫുട്ബോളാണ് ചെക്ക് അഴിച്ചുവിട്ടത്.അതിന്റെ ഭാഗമായി 49-ാം മിനിട്ടിൽ തന്നെ ചെക്ക് ഒരു ഗോൾ തിരിച്ചടിച്ചു. സൂപ്പർ താരം പാട്രിക്ക് ഷിക്കാണ് ടീമിനായി ഗോൾ നേടിയത്. കൗഫാലിന്റെ പാസ് കൃത്യമായി പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് അടിച്ചിട്ട് ഷിക്ക് യൂറോ 2020 -ലെ തന്റെ അഞ്ചാം ഗോൾ സ്കോർ ചെയ്തു. ഈ ഗോളോടെ ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനായുള്ള മത്സരത്തിൽ ഷിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം എത്തി.

രണ്ടാം പകുതിയിൽ ഡെന്മാർക്ക് പ്രതിരോധത്തിലേക്ക് വലിഞ്ഞത് ചെക്കിന് കൂടുതൽ ഗുണം ചെയ്തു. എന്നാൽ കളി പുരോഗമിക്കവേ ഡെന്മാർക്ക് ആക്രമണം അഴിച്ചുവിട്ടു. ഇതോടെ കളി ആവേശത്തിലായി.
61-ാം മിനിട്ടിൽ പന്തുമായി ബോക്സിനകത്തേക്ക് മുന്നേറിയ ഡെന്മാർക്കിന്റെ യൂസഫ് പോൾസണ് ഗോളടിക്കാൻ അവസരം ലഭിച്ചെങ്കിലും താരം അത് പാഴാക്കി. 68-ാം മിനിട്ടിൽ പോൾസണിന്റെ ലോങ്റേഞ്ചർ വാസ്ലിക്ക് കൈയ്യിലൊതുക്കി.

74-ാം മിനിട്ടിൽ ഡെന്മാർക്ക് ബോക്സിന് അടുത്തുനിന്നും ചെക്കിന് ഫ്രീകിക്ക് ലഭിച്ചു. യാങ്ടോയുടെ വളഞ്ഞിറങ്ങിയ ഫ്രീകിക്ക് വലയിലേക്കെത്തും മുൻപ് തകർപ്പൻ ഡൈവിലൂടെ ഗോൾകീപ്പർ ഷ്മൈക്കേൽ തട്ടിയകറ്റി അപകടം ഒഴിവാക്കി.78-ാം മിനിട്ടിൽ പോൾസണിന്റെ ഗോളെന്നുറച്ച ലോങ്റേഞ്ചർ ഗോൾകീപ്പർ വാസ്ലിക്ക് തട്ടിയകറ്റി. 82-ാം മിനിട്ടിൽ മേയുടെ ഷോട്ടും വാസ്ലിക്ക് തട്ടിത്തെറിപ്പിച്ചു.അവസാന മിനിട്ടുകളിൽ ടീം ഒന്നടങ്കം ആഞ്ഞുപരിശ്രമിച്ചെങ്കിലും ചെക്ക് റിപ്പബ്ലിക്കിന് സമനില ഗോൾ നേടാനായില്ല. ഇതോടെ ഡെന്മാർക്ക് അവസാന നാലിൽ ഇടം നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker