കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സ്വപ്നയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഇ.ഡിയോട് ഹൈക്കോടതി. കുറ്റകൃത്യത്തില്‍ സജീവമായ പങ്കാളിത്തം സ്വപ്‌നയ്ക്കുണ്ട്. ശിവശങ്കറിന് മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും ഉന്നത സ്വാധീനമെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ശിവശങ്കറിന് ജാമ്യം നിഷേധിക്കുന്നത് മുഖ്യമന്ത്രിയ്ക്കു മേലും സര്‍ക്കാരിലും സ്വാധീനമുള്ളതിനാലാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ സ്വാധീനമുള്ള വ്യക്തി കേസിലെ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ ശിവശങ്കറിന് ഉന്നത സ്ഥാനം ലഭിക്കുകയും ആ സ്ഥാനത്ത് തുടരുകയും ചെയ്തു.
അത് സര്‍ക്കാരിനു മേല്‍ ശിവശങ്കറിനുള്ള സ്വാധീനം തെളിയിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ജാമ്യം നിഷേധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.
ലൈഫ്മിഷന്‍ കേസില്‍ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്‌ന സുരേഷ് എന്നും സ്വപ്‌നയുടെ അറസ്റ്റു വൈകുന്നത് ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി കോടതി ഇ.ഡിയെ വിമര്‍ശിച്ചു.
ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റു ചെയ്ത സന്തോഷ് ഈപ്പന്റെ ജാമ്യത്തിനു ശേഷം കേസില്‍ മറ്റു പ്രതികളെ ഇ.ഡി. അറസ്റ്റു ചെയ്തിരുന്നില്ല. ഇതാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്തു കൊണ്ട് സ്വപ്നയെ അറസ്റ്റു ചെയ്യുന്നില്ല എന്ന് കോടതി ചോദിച്ചു. അതോടെ വിമര്‍ശനത്തിന് നിയമപരമായി ഇ.ഡി ഉത്തരം നല്‍കേണ്ടി വരും.