കൊച്ചി: ലൈഫ് മിഷന് കേസില്‍ സര്‍ക്കാരിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സിബിഐ ആവശ്യം തള്ളി ഹൈക്കോടതി. ലൈഫ് മിഷന് എതിരായ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുള്ള അനുവാദം നല്‍കണമെന്നുമുള്ള ആവശ്യവുമായാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
എതിര് സത്യവാങ്മൂലം എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എതിര് സത്യവാങ്മൂലം തയ്യാറായിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി. വകുപ്പ് തല കാര്യം ആയതിനാല്‍ ആണ് കാലതാമസം എന്നും സിബിഐ വിശദീകരിച്ചു. എന്നാല്‍ പിന്നെ എന്തിനാണ് വേഗത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ അപേക്ഷ നല്‍കിയതെന്നായിരുന്നു കോടതിയുടെ ചോദ്യം.
അന്വേഷണത്തിനുള്ള സ്റ്റേയും നീക്കണം എന്ന സിബിഐയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. അതേസമയം എതിര് സത്യവങ്മൂലം നല്കി പുതിയ ഹര്‍ജി നല്‍കാം. അതിനു ശേഷം കേസ് എപ്പോള്‍ പരിഗണിക്കണം എന്ന് തീരുമാനിക്കാം എന്നും കോടതി അറിയിച്ചു.