KeralaNews

ഡ്രൈവിങ് ടെസ്റ്റില്ലാതെ പുതുക്കി 3,345 ലൈസൻസ്;4 എംവിഐമാരെ സസ്പെൻഡ് ചെയ്തു

കോട്ടയം: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ, വാഹനം ഓടിച്ചുള്ള പരിശോധന നടത്താതെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ (എംവിഐമാർ) പുതുക്കി നൽകുന്നതായി കണ്ടെത്തി. 

ട്രാൻസ്പോർട്ട് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് 3345 ലൈസൻസുകളാണ് അനധികൃതമായി നൽകിയിട്ടുണ്ടെന്നു കണ്ടെത്തിയത്. പുനലൂർ, തിരൂരങ്ങാടി, ഗുരുവായൂർ, കൊടുവള്ളി സബ് ആർടി ഓഫിസുകളുടെ പരിധിയിലാണു ക്രമക്കേട് കണ്ടെത്തിയത്. 4 എംവിഐമാരെ സസ്പെൻഡ് ചെയ്തു. 

ലൈസൻസിന്റെ കാലാവധി തീർന്ന് ഒരു വർഷത്തിനുള്ളിൽ അപേക്ഷിച്ചാൽ ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ പുതുക്കിക്കിട്ടും. 

ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റിനു ഹാജരാകണം. ഇവരുടെ അപേക്ഷ ക്ലാർക്ക്, സൂപ്രണ്ട് എന്നിവർ കാണുകയും വീണ്ടും ടെസ്റ്റ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്യണമെന്നാണു നിയമം. ഇതിനു വിരുദ്ധമായി എംവിഐ നേരിട്ട് അപേക്ഷ സ്വീകരിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നതാണു പുതിയ രീതി. ഇതിന് 5000– 10,000 രൂപ വരെ വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പുനലൂരിൽ ജനുവരി മുതൽ സെപ്റ്റംബർ വരെ അനധികൃതമായി പുതുക്കി നൽകിയത് 560 ലൈസൻസുകളാണെന്നു കണ്ടെത്തി.

തിരൂരങ്ങാടിയിൽ 2022 ജൂലൈ 1 മുതൽ കഴിഞ്ഞ ഫെബ്രുവരി 28 വരെ 982 ലൈസൻസും ഗുരുവായൂരിൽ മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെ 1,118 ലൈസൻസും അനധികൃതമായി പുതുക്കി നൽകി. കൊടുവള്ളിയിൽ 2022 സെപ്റ്റംബർ 1 മുതൽ കഴിഞ്ഞ മാർച്ച് 31വരെ പുതുക്കി നൽകിയത് 685 എണ്ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button