തിരുപ്പൂര്‍: കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി 19 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഹേമരാജിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനെ തുടര്‍ന്നാണ് കേസ്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ എട്ട് മണിക്കൂറിന് ശേഷം പോലീസില്‍ കീഴടങ്ങിയിരുന്നു. പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. പുലര്‍ച്ചെയായതിനാല്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകാനുള്ള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. ഇയാളെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ലോറി ഇടിച്ചുകയറിയുണ്ടായ ദുരന്തത്തില്‍ മരിച്ച അഞ്ച് സ്ത്രീകളുള്‍പ്പെടെ 19 പേരും മലയാളികളാണ്. ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ പുലര്‍ച്ചെ 3.25നാണ് അപകടം. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വന്ന ബസിന്റെ മുന്‍ഭാഗത്തേക്ക്, എതിര്‍ഭാഗത്തുന്നിന്ന് വണ്‍വേ തെറ്റിച്ച്, ഡിവൈഡറില്‍ തട്ടി തെറുച്ചുവന്ന ലോറി ഇടിക്കുകയായിരിന്നു. കൊച്ചി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നു ടൈല്‍ നിറച്ചു പോയതാണ് ലോറി. പരിക്കേറ്റ 25 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ പതിനൊന്നുപേരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും അവിനാശിയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ സാധനസാമഗ്രികള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.