ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറിയുമായി ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയുടെ പേരില്‍ ലൈബ്രറി. ഹിന്ദു മഹാസഭയാണ് ലൈബ്രറി തുടങ്ങിയിരിക്കുന്നത്. ഗോഡ്‌സെ ജ്ഞാന്‍ ശാല എന്നാണ് ലൈബ്രറിക്ക് ഇട്ടിരിക്കുന്ന പേര്. ഗാന്ധി വധത്തിലേക്ക് ഗോഡ്‌സെയെ ‘നയിച്ച’ കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉള്‍പ്പെട്ട കൃതികളാണ് പ്രധാനമായും ലൈബ്രറിയിലുള്ളത്.

ഇതിനെല്ലാം പുറമെ, ഗോഡ്‌സെയെ രാജ്യസ്‌നേഹിയായാണ് ചിത്രീകരിച്ചിട്ടുള്ളത്. ‘ഗോഡ്‌സെയായിരുന്നു യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി നിര്‍മ്മിച്ചത്. ഗോഡ്‌സെ നിലകൊണ്ടതും മരിച്ചതും ഇന്ത്യാ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണ്’, ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ് ജൈവീര്‍ ഭരദ്വാജ് പ്രതികരിച്ചു. രാജ്യം ഭരിക്കാനുള്ള ആഗ്രഹം നിറവേറ്റാന്‍ വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും മുഹമ്മദലി ജിന്നയുടേയും ആവശ്യപ്രകാരമാണ് ഇന്ത്യാ വിഭജനമുണ്ടായതെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്ഗേവാര്‍, മദന്‍ മോഹന്‍ മാളവ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ട്. ഗാന്ധി ഘാതകനായ നാരായണ്‍ ആപ്തെയുടെ ചിത്രവും ഗോഡ്സെയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. വായനശാലയില്‍ പുസ്തകങ്ങളുടെ അനാവരണം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23ന് നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News