ന്യൂഡല്‍ഹി: രാജ്യത്തുടനീളം തനിക്കെതിരെയുള്ള എഫ്‌ഐആര്‍ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാര്‍ വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരുടെ ബെഞ്ച് വാക്കാല്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് ശേഷം നൂപുര്‍ ശര്‍മ്മയ്ക്ക് ന്യായമായ വിചാരണ നിഷേധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
സാമൂഹിക പ്രവര്‍ത്തകനായ അജയ് ഗൗതം എന്ന ആളാണ് കത്ത് നല്‍കിയത്. ഹര്‍ജിയുടെ ഒരു പകര്‍പ്പ് ഇന്ത്യന്‍ രാഷ്ട്രപതിക്കും അടയാളപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബിയെ നിന്ദിക്കുന്ന പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന് ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നൂപുര്‍ ശര്‍മയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി എന്ന് ബഞ്ച് ആരോപിച്ചിരുന്നു. ഇത്തരം പരാമര്‍ശം നടത്തി അവര്‍ രാജ്യമെങ്ങും വികാരങ്ങള്‍ ആളിക്കത്തിച്ചു.
രാജ്യത്ത് സംഭവിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവര്‍ക്കാണ്. അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ചാനല്‍ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്ന് നൂപുറിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു. നൂപുര്‍ ശര്‍മ പാര്‍ട്ടിയുടെ വക്താവാണെങ്കില്‍ അധികാരം തലയ്ക്ക് പിടിച്ചോയെന്നും ചോദിച്ചു. നൂപുറിന്റെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
എന്നാല്‍, നിരവധി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഡല്‍ഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെയാണ് ചീഫ് ജസ്റ്റീസിനും രാഷ്ടപതിക്കും കത്ത് നല്‍കിയത്. കോടതിയുടെ നിരീക്ഷണങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതാണെന്നും യാതൊരു യോഗ്യതയുമില്ലാത്തതും പിന്‍വലിക്കാന്‍ ബാധ്യസ്ഥവുമാണെന്ന് അജയ് ഗൗതം തന്റെ ഹര്‍ജിയില്‍ പറയുന്നു.
‘വിചാരണയോ അപ്പീലോ അല്ലെങ്കില്‍ ഏതെങ്കിലും കോടതിയുടെ ഏതെങ്കിലും വിധിയോ കണ്ടെത്തലോ ഇല്ലാതെ, കേസിന്റെയും വിചാരണയുടെയും മെറിറ്റിനെ ബാധിക്കുന്ന അത്തരം പ്രസ്താവനകള്‍ ഈ കോടതിക്ക് നടത്താന്‍ കഴിയുമോ?’ അദ്ദേഹം ഹര്‍ജിയില്‍ ചോദിച്ചു – എന്‍എച്ച്‌ആര്‍സി വെര്‍സീസ് സ്റ്റേറ്റ് ഓഫ് അരുണാചല്‍ പ്രദേശ് (1996)1SCC742 എന്ന വിഷയത്തിലെ വിധിയും അദ്ദേഹം ഉദ്ധരിക്കുന്നു, അത് ഓരോ മനുഷ്യന്റെയും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സംസ്ഥാനവും കോടതിയും ബാധ്യസ്ഥമാണ്, അത് പൗരനായാലും മറ്റെന്തെങ്കിലായാലും ആരെങ്കിലും അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികള്‍, ഭീഷണിപ്പെടുത്താന്‍ നിയമം അനുവദിക്കാനാവില്ലെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നു.
നൂപുര്‍ ശര്‍മ്മ ഖുറാനും ഹദീസും അനുസരിച്ച് സത്യമാണ് സംസാരിച്ചതെന്നും അദ്ദേഹം വാദിച്ചു. കോടതിയുടെ നിരീക്ഷണങ്ങള്‍ ശര്‍മ്മയ്‌ക്കെതിരായ കേസിന്റെ മെറിറ്റിനെ നേരിട്ട് ബാധിക്കുമെന്നും അവര്‍ക്ക് ന്യായമായ വിചാരണയും സ്വാഭാവിക നീതിയും നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജഡ്ജിമാരുടെ പരാമര്‍ശത്തില്‍ അനുകൂല പ്രതികൂല പ്രതികരണങ്ങളാണ് ഉള്ളത്.