കൊച്ചി:നടി മംമ്ത മോഹൻദാസിന്റെ ജീവിതം എപ്പോഴും മറ്റുള്ളവർക്ക് പ്രചോദനകരമാണ്. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന മംമ്ത തന്റെ വിഷമം നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് എപ്പോഴും തുറന്ന് സംസാരിക്കാറുണ്ട്. ക്യാൻസറിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിൽ കേരളത്തിൽ വലിയ സ്വാധീനം മംമ്തയുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഉണ്ടായിട്ടുണ്ട്.
അമേരിക്കയിൽ വെച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മംമ്ത ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇപ്പോഴിതാ ക്യാൻസറിനെക്കിറിച്ചും തന്റെ ചികിത്സാകാലത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് മംമ്ത. പരുമല ക്യാൻസർ സെന്ററിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് മംമ്ത ഇതേപറ്റി സംസാരിച്ചത്.
‘പണ്ട് തൊട്ടേ ട്രസ്റ്റ് ഇഷ്യൂസ് ഉള്ള ആളാണ് ഞാൻ. പേരുള്ള ഡോക്ടറുടെ അടുത്ത് പോയപ്പോഴൊന്നും ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും എനിക്ക് ഒരുപാട് സമയം തരാൻ പറ്റിയിട്ടില്ല. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടിയില്ല. പെട്ടെന്ന് ചികിത്സിക്കാം എന്ന രീതിയിൽ ആയിരുന്നു അപ്രോച്ച്’
‘അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ട്രീറ്റ്മെന്റ് അവിടെ നിൽക്കട്ടെ, എനിക്ക് ആദ്യം വേണ്ടത് ആദ്യ കീമോ ചെയ്യുന്ന സമയത്ത് എന്റെ ബെഡിനടുത്തുണ്ടാവുന്ന ഡോക്ടറെ ആണെന്ന്. ഡോക്ടർമാർക്കിടിയിൽ ബെഡ് സൈഡ് മാനർ എന്ന് പറയുന്ന കാര്യമുണ്ട്’
‘കാൻസർ നമ്മുടെ വാതിൽക്കൽ തട്ടുന്നത് വരെ ആരും അതിന്റെ കോംപ്ലക്സിറ്റീസിനെക്കുറിച്ച് ആലോചിക്കുന്നില്ല എന്നതാണ് സത്യം. കുടുംബത്തിലെ ആർക്കെങ്കിലും വന്നാലും ജാഗരൂകരാവില്ല. അടുത്ത ബന്ധുക്കൾക്ക് വരണം. കാരണം അത്രയും തിരക്കിലാണ്’
‘എത്രത്തോളം തിരക്കിലേക്ക് നിങ്ങൾ പോവുന്നോ അത്രയും സ്ട്രസ് സംബന്ധമായ രോഗങ്ങൾ നിങ്ങളെ ബാധിക്കും. ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് മംമ്തയുടെ ഹെൽത്ത് എങ്ങനെ ഉണ്ടെന്ന്. ഞാൻ സുഖമായിരിക്കുന്നു എന്നല്ല പറയാണ്. അത് എന്റെ കൺട്രോളിൽ ആണെന്നാണ്. ശാരീരികം മാത്രമല്ല മാനസിക ആരോഗ്യവും’
‘എന്റെ കുടുംബത്തിൽ ഏറ്റവും പിന്തുണ നൽകിയിരുന്നത് അച്ഛനും അമ്മയുമാണ്. 2009 ൽ കാൻസർ ബാധിച്ച ശേഷം കാൻസറിനൊപ്പം നീണ്ട യാത്ര ഉണ്ടാവുമ്പോൾ ദീർഘ കാലത്തിലുള്ള സൈഡ് എഫക്ടുകൾ വരും. എനിക്ക് രോഗം ബാധിച്ച സമയത്ത് 23 വയസ്സ് ആയിരുന്നു. എന്ത്കൊണ്ടാണ് ഞാൻ മൂഡി ആയിരിക്കുന്നതെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു’
‘ഇന്ന് ചെയ്യുന്ന ചികിത്സകൾ പിന്നീട് ഉണ്ടാക്കുന്ന സൈഡ് എഫക്ടുകളെക്കുറിച്ച് അറിയണം. കാൻസറിനെ നേരിടാൻ ഏറ്റവും നല്ല മാർഗം എന്ന് പറയുന്നത് നേരത്തെയുള്ള തിരിച്ചറിയലാണ്. നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സാഫലം മികച്ചതായിരിക്കും’
രണ്ടാമത് കാൻസർ വരാനുള്ള സാധ്യതയും കുറവാണ്. കാൻസറിന്റെ പ്രത്യേകത നിങ്ങൾക്ക് അസുഖം ബാധിച്ച സ്ഥലത്തായിരിക്കില്ല ലക്ഷണങ്ങൾ കാണിക്കുക. വേറെ ഒരു ജനറൽ പ്രാക്ടീഷന്റെ അടുത്ത് പോയിക്കഴിഞ്ഞാൽ നിങ്ങൾക്ക് ചർമ്മ രോഗത്തെക്കുറിച്ചുള്ള മരുന്ന് എഴുതിത്തരും. അതിലൊക്കെ ഒരുപാട് സമയം പോവും.
ചെറിയ ചെറിയ രീതിയിൽ ആയിരിക്കും ശരീരം നിങ്ങളെ അറിയിക്കാൻ ശ്രമിക്കുന്നത്. നിങ്ങൾ ഓട്ടത്തിലാണല്ലോ. ഒരുപക്ഷെ അതിന്റെ കണ്ടീഷൻ കുറച്ച് ആഴത്തിൽ ഉള്ളതായിരിക്കും, മംമ്ത പറഞ്ഞു. നഴ്സുമാർ മാലാഖകൾ തന്നെയാണെന്നും ഡോക്ടർമാരേക്കാളും കൂടുതൽ പലപ്പോഴും രോഗികളോടാെപ്പം ഉണ്ടാവുക അവരാണെന്നും മംമ്ത പറഞ്ഞു.