ലെയ്‌സ് പാക്കറ്റില്‍ മുക്കാലും കാറ്റ്!; തൂക്ക കുറവ് കണ്ടെത്തി; പെപ്‌സി കമ്പനിക്ക് 85,000 രൂപ പിഴ

തൃശൂര്‍: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിനെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. വിതരണത്തിനായി പുറത്തിറക്കുന്ന പാക്കറ്റിൽ തൂക്ക കുറവ് ഉന്നയിച്ചായിരുന്നു സർക്കാറിന്റെ നടപടി. ഉദ്ദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ നിന്ന് ലെയ്സ് പാക്കറ്റിൽ സൂചിപ്പിക്കുന്നതിനേക്കാൾ കുറഞ്ഞ അളവാണ് കണ്ടെത്താൻ കഴിഞ്ഞത്.

ഇതിന് പിന്നാലെ ആയിരുന്നു സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്. 85,000 രൂപ പിഴയും ഈടാക്കി. പെപ്‌സി കമ്പനിക്ക് തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്‌ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളർ പിഴ ചുമത്തി രംഗത്ത് വരികയായിരുന്നു.

കാഞ്ഞാണിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇതു സംബന്ധിക്കുന്ന പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ്, തൂക്കം കുറവുള്ള ലെയ്‌സ് പാക്കറ്റുകൾ പിടികൂടിയത്.

ലെയ്സ് പാക്കറ്റിനുള്ളിൽ കൂടുതലും വായുവാണ് നിറച്ചിരിക്കുന്നതെന്നും തൂക്കക്കുറവ് ഉണ്ടെന്നും കണ്ടെത്തുകയായിരുന്നു. സാധാരണ ഒരു പാക്കറ്റ് ലെയ്സ് കവറിന് പുറത്ത് എഴുതിയിരിക്കുന്ന തൂക്കം 115 ഗ്രാം ആണ്. എന്നാൽ, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പരാതിയില്‍ പറയുന്നത്.

ഇത് സംബന്ധിച്ച് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കർ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News