കോഴിക്കോട് ചക്കിട്ടപാറയിൽ പുലി, വളർത്തുപട്ടികളെ ആക്രമിച്ചു; ജാഗ്രതാ നിർദേശം

കോഴിക്കോട്:ജില്ലയിലെ മലയോര പ്രദേശമായ ചക്കിട്ടപാറയില്‍ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാര്‍ഡായ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. കൂട്ടിലടച്ചിരുന്ന രണ്ട് വളര്‍ത്തുപട്ടികളെ പുലി കടിച്ച് പരിക്കേല്‍പ്പിച്ചു.

പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും വീട്ടിലെ പട്ടികളെയാണ് പുലി അക്രമിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.

വ്യാഴാഴ്ച രാത്രി പൂഴിത്തോട് കുരിശുപള്ളിക്ക് സമീപത്ത് വച്ച് പുലിയെ കണ്ടതായി പ്രദേശവാസി പറഞ്ഞു. സമീപത്തെ പറമ്പില്‍ നിന്ന് ചാടിയ പുലി റോഡിലൂടെ അടുത്ത പറമ്പിലേക്ക് ഓടിപ്പോയെന്നാണ് പ്രദേശവാസി പറഞ്ഞത്.

പുലിയിറങ്ങിയതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. പെരുവണ്ണാമൂഴി പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് മൈക്ക് പ്രചാരണം നടത്തി. രാത്രികാലങ്ങളിലുള്ള സഞ്ചാരവും ഒറ്റയ്ക്കുള്ള സഞ്ചാരവും ജാഗ്രതയോടെ വേണമെന്ന് പോലീസ് നിര്‍ദേശിച്ചു. കുട്ടികളെ സ്‌കൂളിലയക്കുമ്പോഴും പ്രായമായവര്‍ പുറത്ത് പോകുമ്പോഴും പ്രത്യേക ശ്രദ്ധ വേണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

രണ്ടാഴ്ച മുമ്പും കൂട്ടിലടച്ച വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യം പതിഞ്ഞില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News