തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും ഇതോടെ ആരംഭിക്കും. 19 വരെ പത്രിക നല്‍കാം . 20-ന് സൂക്ഷ്മപരിശോധന. 22 വരെ പത്രിക പിന്‍വലിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പത്രികാസമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ട് വാഹനങ്ങള്‍ ഉപയോഗിക്കാം. റാലിയായി എത്തുകയാണെങ്കില്‍ നിശ്ചിത അകലംവരെ മാത്രം അഞ്ചു വാഹനം അനുവദിക്കും. ഒരു റാലി കടന്നുപോയി അരമണിക്കൂറിനുശേഷമാണ് അടുത്തതിന് അനുമതി. സ്ഥാനാര്‍ഥിയും ഒപ്പം വരുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ് എന്നിവ ധരിക്കണം. പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇതിന്റെ പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം.
കെട്ടിവയ്ക്കാനുള്ള തുകയും ഓണ്‍ലൈനായി അടയ്ക്കാം. സൂക്ഷ്മപരിശോധനയും ചിഹ്നം അനുവദിക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ശാരീരിക അകലം പാലിച്ച് ചെയ്യാന്‍ സ്ഥലസൗകര്യം ഉണ്ടായിരിക്കും.
പത്രികാ സമര്‍പ്പണം ആരംഭിയ്ക്കുമ്പോഴും ഇടതുപക്ഷമൊഴികെയുള്ള മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇരുട്ടില്‍ത്തപ്പുകയാണ്. പതിവുപോലെ ഇടതുമുന്നണി സീറ്റു നിര്‍ണ്ണയം പൂര്‍ത്തിയാക്കി. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചാരണമാരംഭിച്ചു.വിലരിലിലെണ്ണാവുന്ന സീറ്റുകളില്‍ സ്ഥാനര്‍ത്ഥി പ്രഖ്യാപനം മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്.ഇന്നു വൈകിട്ടോടെ പട്ടിക പ്രഖ്യാപിയ്ക്കാനാവുമെന്നാണ് കരുതുന്നത്.
യു.ഡി.എഫ്. ഘടകക്ഷിയായ മുസ്ലിംലീഗ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേയ്ക്കും. നിയമനടപടികള്‍ നേരിടുന്ന കെ.എം ഷാജി,വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ കാര്യത്തിലെ അനിശ്ചതത്വമാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണം.എ ക്ലാസ് മണ്ഡലങ്ങളെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബി.ജെ.പി സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായിട്ടുണ്ട്.രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാനമുണ്ടാവുമെന്നാണ് സൂചന.