കൊച്ചി:ഇരുവശത്തും സൂപ്പർ നായികമാർ, പൂമാല ഇട്ട് വരവേൽപ്പ്, ആഡംബരക്കാറിന് മുന്നിൽ അകമ്പടിയായി ബുള്ളറ്റിൽ യുവാക്കൾ, യുവാക്കൾ ധരിച്ചിരിക്കുന്ന വെള്ള ടീഷർട്ടിൽ ലെജൻഡ് സിനിമയുടെ പോസ്റ്റർ…’ കൊച്ചി വിമാനത്താവളത്തിൽ നിന്നും ശരവണൻ അരുൾ എന്ന ലെജൻഡ് ശരവണന് ലഭിച്ച വരവേൽപ്പാണിത്. പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് അദ്ദേഹം െകാച്ചിയിൽ എത്തിയിരിക്കുന്നത്. നടി ലക്ഷ്മി റായ് അടക്കമുള്ളവർ ഒപ്പമുണ്ട്.
അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രമാണ് ‘ദ് ലെജൻഡ്’.. ചില്ലറ വ്യാപാര മേഖലയിൽ തമിഴ്നാട്ടിൽ വിജയക്കൊടി പാറിക്കുന്ന, കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് ഇദ്ദേഹം.
നായികയായി നടിയും മോഡലും 2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന ഉർവശി റൗട്ടേല എത്തുന്നു. ഒപ്പം മോഡൽ ഗീതിക തിവാരിയും. ലക്ഷ്മി റായി ഒരു ഗാനരംഗത്തിലും എത്തുന്നു. അന്തരിച്ച നടൻ വിവേക് അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നുകൂടിയാണിത്. ഹാരിസ് ജയരാജ് സംഗീതം പകർന്ന ചിത്രത്തിലെ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ എത്തിയിരുന്നു.
ലെജൻഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിരയുണ്ട്. ‘ശിവാജി’യിലെപ്പോലെ സുമൻ തന്നെയാണു വില്ലൻ. മലയാളത്തിൽ നിന്ന് ഹരീഷ് പേരടിയും ചിത്രത്തിലുണ്ട്.
പാട്ടുകളുടെ മികവിലും മേക്കിങ്ങിലും പുറത്തുവന്ന ട്രെയിലറോ പാട്ട് രംഗങ്ങളിലോ ഒരു പോരായ്മയും കാണുന്നില്ല എന്നാണ് സൈബർ ഇടത്തെ ചർച്ച. സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിന് കാഴ്ചക്കാരുമായി ഈ വിഡിയോകൾ മുന്നേറുന്നു. തമിഴ് സിനിമാ ലോകത്തെ പ്രമുഖർ ഈ ചിത്രത്തിന്റെ പിന്നിലുണ്ട്. നായകനായി ഒരു 52കാരൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ദ് ലെജൻഡ്’. ചിട്ടി റോബോയെ ഓർമപ്പെടുത്തുന്ന ഗെറ്റപ്പ്, രജനികാന്തിനെ ഓർമിപ്പിക്കുന്ന സ്റ്റൈൽ, മേക്കിങ്ങിലും രജനി ചിത്രങ്ങളോട് ചേർത്തുവയ്ക്കാം ലെജൻഡിനെ. ചിത്രത്തിലെ ആദ്യഗാനത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത് സാക്ഷാൽ മണിരത്നവും രാജമൗലിയും സുകുമാറും ചേർന്നായിരുന്നു.
സംവിധായകരായ ജെഡി-ജെറി ജോഡിയാണ് ‘ദ് ലെജൻഡ്’ സംവിധാനം ചെയ്യുന്നത്. 2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന ഉർവശി റൗട്ടേല നായികയായി എത്തുന്നു. ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ പുറത്തുവന്ന പാട്ടുകൾ എല്ലാം ഹിറ്റാണ്. വൈരമുത്തു, കബിലൻ, മദൻ കാർക്കി, പാ. വിജയ്, സ്നേഹൻ എന്നിവരാണ് പാട്ടെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിങ്ങനെ താരങ്ങളുടെ നീണ്ടനിര.
2019ൽ ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രത്തിന് കോവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടായ സെറ്റുകളിലും വിദേശരാജ്യങ്ങളിലും ചിത്രം ഷൂട്ട് ചെയ്തു. അഞ്ച് ഭാഷകളിൽ ചിത്രം പുറത്തിറങ്ങുന്നു. ഒരു പുതുമുഖ നായകന്റെ സിനിമ തന്നെ ബ്രഹ്മാണ്ഡമായി എത്തുന്നു എന്നത് കൗതുകമുള്ള കാരണമാണ്. പക്ഷേ തമിഴ്നാട്ടിലെ വൻവ്യവസായ ശൃംഖലയെ നയിക്കുന്ന ശരവണൻ അരുൾ എന്ന ലെജൻഡ് ശരവണന് ഇത് വലിയ കാര്യമല്ല. ചിത്രത്തിന്റെ പ്രമോഷന് പോലും തെന്നിന്തിയൻ താര സുന്ദരിമാരെ ഒപ്പം കൂട്ടിയാണ് ശരവണൻ പോകുന്നത്. വൻതുക മുടക്കി പ്രമോഷൻ പരിപാടികൾ െകാഴുപ്പിക്കും. കാശ് വാരിയെറിഞ്ഞ് ആദ്യ ചിത്രം െകാണ്ടുതന്നെ സൂപ്പർത്താര പദവി നേടാനുള്ള ശ്രമത്തിലാണ് ശരവണൻ.
തമിഴ്നാടിന്റെ അടയാളങ്ങളിൽ ഒന്നാണ് ശരവണ സ്റ്റോഴ്സ്. വർഷങ്ങളുടെ പാരമ്പര്യമുള്ള വ്യാപാരകുടുംബം. സെൽവരത്നം, യോഗരത്നം, രാജരത്നം എന്നീ സഹോദരൻമാർ കച്ചവടം വളർത്തി.1970 സെപ്റ്റംബർ നാലിന് ടി നഗർ രംഗനാഥൻ തെരുവിൽ ‘ഷൺമുഖാ സ്റ്റോഴ്സ്’ എന്ന പേരിൽ ചെറിയൊരു പാത്രക്കടയിലൂടെയായിരുന്നു തുടക്കം. 1973ൽ ശരവണ സ്റ്റോഴ്സ് എന്ന പേരിൽ വസ്ത്രശാലയും തുടങ്ങി. പിന്നീട് വൻ വളർച്ചയുടെ നാളുകൾ. സെൽവരത്നത്തിന്റെ മകനാണ് ശരവണൻ അരുൾ. വിഭജനം കഴിഞ്ഞപ്പോൾ ചെന്നൈയിലെ പ്രധാന സ്റ്റോറുകളുടെ ഉടമ ശരവണൻ ആയി മാറി. പിന്നീട് സൂപ്പർ ശരവണ, ദ് ലെജൻഡ് ശരവണ സ്റ്റോറുകളിലൂടെ സ്വയം ഒരു ബ്രാൻഡായി മാറി. സ്വന്തം കച്ചവടസ്ഥാപനത്തിന്റെ മുഖവും പരസ്യങ്ങളുടെ മുഖവുമായി അയാൾ അതിവേഗം മാറി. ഇന്ന് കോടികൾ വാരിയെറിഞ്ഞ് സിനിമയിലും ഒരു കൈ നോക്കുകയാണ് അദ്ദേഹം.