മൂന്നുവയസുകാരനെ ബസ് സ്‌റ്റോപ്പില്‍ തനിച്ച് നിര്‍ത്തി സാധനം വാങ്ങാന്‍ പോയി; മുത്തച്ഛനെ കണക്കിന് ശകാരിച്ച് നാട്ടുകാര്‍

കോഴിക്കോട്: മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പില്‍ തനിച്ചു നിര്‍ത്തി സാധനം വാങ്ങാന്‍ പോയ മുത്തച്ഛനെതിരെ ക്ഷുഭിതരായി നാട്ടുകാര്‍. ഇന്ന് രാവിലെ കോഴിക്കോട് ജില്ലയിലെ മാത്തോട്ടത്താണ് സംഭവം.

മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടം ആയതിനാല്‍ മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പില്‍ തനിച്ചു നിര്‍ത്തിയാണ് മുത്തച്ഛന്‍ പോയത്. സമയം ഏറെ കഴിഞ്ഞപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ ബസ് സ്റ്റോപ്പില്‍ തടിച്ചുകൂടി. ഒന്നും പറയാതെ കുട്ടി കരഞ്ഞതോടെ പോലീസില്‍ വിവരം അറിയിച്ചു.

ഇതിനിടെ പട്രോളിങ് പോലീസും സ്ഥലത്തെത്തി. ഈ സമയം ബസ് സ്റ്റോപ്പില്‍ ആള്‍ക്കൂട്ടം കണ്ട് മുത്തച്ഛനും സ്ഥലത്തെത്തി. ഇദ്ദേഹത്തെ കണ്ടതോടെ കുട്ടി കരച്ചില്‍ നിര്‍ത്തി. പിന്നാലയാണ് നാട്ടുകാര്‍ മുത്തച്ഛനെ വഴക്കു പറഞ്ഞത്.

വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ടു പുറകെ വന്നതാണെന്നും ആള്‍ക്കൂട്ടത്തിലേക്ക് കൊണ്ടുപോകേണ്ടെന്നും പെട്ടെന്ന് സാധനം വാങ്ങി വരാം എന്നു കരുതി കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി മാര്‍ക്കറ്റില്‍ പോയതാണെന്നും മുത്തച്ഛന്‍ പോലീസിനോട് പറഞ്ഞു. മാര്‍ക്കറ്റില്‍ തിരക്ക് കൂടിയപ്പോള്‍ വേഗത്തില്‍ വരാന്‍ സാധിച്ചില്ല. അതിനിടെ കുട്ടിയുടെ കാര്യം മറന്നുപോയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

പിന്നീട് പൊലീസ് എത്തി നാട്ടുകാരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഒരു കുട്ടിയെ പോലും അനാവശ്യമായി പുറത്തിറക്കരുതെന്നും പോലീസ് കൂട്ടിച്ചര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News