തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പരിഹാസവുമായി യുഡിഎഫ് നേതൃത്വത്തിലെ യുവനിര രംഗത്ത്. ടി.സിദ്ദിഖ്, വി.ടി.ബൽറാം, പി.കെ.ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ, ജെബി മേത്തർ എംപി അടക്കമുള്ള യുഡിഎഫ് യുവനേതാക്കൾ എല്ലാം തന്നെ മന്ത്രിയുടെ രാജിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. വിക്കറ്റ് തെറിക്കുന്ന ചിത്രം സഹിതം ‘ഒന്നേ’ എന്നു പോസ്റ്റിട്ടായിരുന്നു പി.കെ.ഫിറോസിന്റെ പരിഹാസം.
‘‘ഔട്ടായ കളിക്കാരനെ നോബോൾ വിളിച്ച് രക്ഷിക്കാൻ ശ്രമിച്ച അംപയർ പ്രതിഷേധത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നു. ആദ്യ വിക്കറ്റ് വീണു. മന്ത്രി സജി ചെറിയാൻ ഔട്ട്..!!’ – എന്നായിരുന്നു ടി.സിദ്ധിഖ് എംഎൽഎയുടെ കുറിപ്പ്.
ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇപ്പോഴത്തെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ പിന്നീട് മന്ത്രിസഭയിൽ തിരിച്ചെടുത്തതിനെ ‘കുത്തി’യായിരുന്നു വി.ടി.ബൽറാമിന്റെ പോസ്റ്റ്.
‘‘ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽനിന്ന് നാണം കെട്ട് രാജി വയ്ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്. ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവിൽ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു’ – വി.ടി.ബൽറാം കുറിച്ചു.
‘‘കുന്തവും കൊടച്ചക്രവുമല്ല, ശക്തമാണ് ഭരണഘടനയെന്നും, ആ ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ ശ്രമിക്കുന്നവൻ മന്ത്രിയായാലും പിടിച്ചു താഴെയിടാൻ മാത്രം പ്രഹരശേഷി ആ മഹത് ഗ്രന്ഥത്തിനുണ്ടെന്നും സജി ചെറിയാനു മനസ്സിലായ സ്ഥിതിക്ക് ആ എംഎൽഎ സ്ഥാനം കൂടി രാജിവച്ച് നിയമ നടപടി സ്വീകരിക്കണം. തള്ളിപ്പറയാനിത് സായിപ്പെഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയല്ല, ഇന്ത്യൻ ഭരണഘടനയാണ്’ – രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
‘‘ഭരണഘടനയുടെ വിജയം, സമരത്തിന്റെ വിജയം, നീതിയുടെ വിജയം’ – കെ.എസ്.ശബരീനാഥൻ എഴുതി.
ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ നിയമ നിർമാണ സഭയിൽ ഇരിക്കാൻ അർഹനല്ലാത്തതു കൊണ്ട് എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനത്തു നിന്നുള്ള രാജികൊണ്ട് മാത്രം അദ്ദേഹം ചെയ്ത തെറ്റ് ഇല്ലാതാകുന്നില്ല. ഭരണഘടനാ ലംഘനവും ധിക്കാരവും കാണിച്ച സജി ചെറിയാനെതിരെ സർക്കാർ കേസ് എടുക്കണം. ഇത് ആദ്യ വിക്കറ്റാണെങ്കിൽ, സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണം നടത്തിയാൽ പിണറായി സർക്കാർ തന്നെ റൺ ഔട്ടാകുമെന്ന് ജെബി പറഞ്ഞു.