മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ച വീട്ടിനുള്ളിൽ സ്‌ഫോടനം; രണ്ടു പേർ മരിച്ചു
കണ്ണൂര്‍: മട്ടന്നൂര്‍ പത്തൊമ്പതാം മൈലില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ചു വെച്ച വീട്ടിനുള്ളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മറുനാടന്‍ തൊഴിലാളികള്‍ മരിച്ചു. അസം സ്വദേശികളായ ഫസല്‍ ഹഖ് (45), മകന്‍ ഷഹിദുള്‍ (22) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറോടെ പത്തൊമ്പതാംമൈല്‍ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിന് സമീപത്തെ ഓടുമേഞ്ഞ ഇരുനില വീട്ടിനുള്ളിലാണ് സ്‌ഫോടനം നടന്നത്. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. വീടുകളില്‍ നിന്നും മറ്റും ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ മാസങ്ങളായി ഈ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
നാലു പേരാണ് വീട് വാടകക്കെടുത്ത് താമസിച്ച് വരുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മാലിന്യം ശേഖരിക്കുമ്പോള്‍ ലഭിച്ച സ്‌ഫോടകവസ്തു വീടിനുള്ളില്‍ വെച്ച് തുറന്നു നോക്കുമ്പോള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍. ആര്‍. ഇളങ്കോ, കൂത്തുപറമ്പ് എ.സി.പി. പ്രദീപന്‍ കണ്ണിപ്പൊയില്‍, മട്ടന്നൂര്‍ സി.ഐ. എം.കൃഷ്ണന്‍, എസ്.ഐ. കെ.വി.ഉമേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.