32.3 C
Kottayam
Monday, April 29, 2024

ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്, 6 സീറ്റുകൾ പിടിച്ചെടുത്തു; പത്തിടത്ത് കോൺഗ്രസ്, മൂന്നിടത്ത് ബിജെപി

Must read

തിരുവനന്തപുരം:സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു.

നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശേരിയില്‍ ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. മട്ടന്നൂര്‍ നഗരസഭയിൽ ബിജെപിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്.

ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം  കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിലും എല്‍ഡിഎഫ് ബിജെപിയെ അട്ടിമറിച്ചു. സിപിഎമ്മിന്‍റെ  ഒ ശ്രീജല 60 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ കോൺഗ്രസ്‌ സ്ഥാനാർഥിയെ 72 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ബിജെപിയുടെ എ മധുസൂദനൻ ആണ് ജയിച്ചത്. കോൺഗ്രസ്‌ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. മട്ടന്നൂർ നഗരസഭയിൽ ബിജെപിയുടെ ആദ്യ ജയമാണിത്.

ഇടുക്കി മൂന്നാറിലെ 11ാം വാര്‍ഡായ മൂലക്കടയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടരാജൻ  35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോൺഗ്രസ് അംഗം  എൽഡിഎഫിലേക്ക് കൂറുമാറിയതിനെ തുടർന്ന് അയോഗ്യാക്കിയ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

10 ജില്ലകളിലായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ വെള്ളാർ ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week