മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനിടെ മലപ്പുറത്ത് രണ്ടിടത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. പെരുമ്പടപ്പിലും താനൂരിലുമാണ് സംഘര്‍ഷം നടന്നത്. പെരുമ്പടപ്പ് പോലീസ് ലാത്തിവീശി. പ്രായമായ വോട്ടര്‍ക്കൊപ്പം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തില്‍ കയറിയെന്ന യുഡിഎഫ് ആരോപണത്തിന് പിന്നാലെയാണ് പെരുമ്പടപ്പ് കോടത്തൂരില്‍ സംഘര്‍ഷമുണ്ടായത്.
പ്രായമായ ആള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ ഇല്ലാത്തതിനാല്‍ വോട്ട് ചെയ്യിപ്പിക്കരുതെന്ന് യുഡിഎഫ് വാദിച്ചു. പിന്നാലെ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മിലടിച്ചു. സംഘര്‍ഷത്തിന് പിന്നാലെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി സുഹ്‌റ അഹമ്മദിന് പരിക്കേറ്റു.
താനൂര്‍ നഗരസഭയിലെ പത്താം വാര്‍ഡില്‍ യുഡിഎഫ് മുന്‍ കൗണ്‍സിലര്‍ എല്‍ഡിഎഫിനായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കാരണത്തിലായിരുന്നു സംഘര്‍ഷം. യുഡിഎഫ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ മുന്‍ കൗണ്‍സിലര്‍ ലാഹിയ റഹ്മാന് സംഘര്‍ഷത്തിനിടെ പരിക്കേറ്റു. രണ്ടിടത്തും സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചു.