FeaturedKeralaNews

വിമതൻ തുണയ്ക്കും, കൊച്ചി കോർപറേഷൻ ഇടതുമുന്നണി ഭരിയ്ക്കും

കൊച്ചി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അട്ടിമറിക്കുള്ള ഒരു സാധ്യത പോലുമില്ലാതെ ഇടതുമുന്നണി കൊച്ചി കോര്‍പറേഷനിൽ അധികാരമേറും. കോണ്‍ഗ്രസ്, ലീഗ് വിമതരെ വശത്താക്കുന്നതില്‍ യുഡിഎഫ് വിജയിച്ചാലും ഒരു സിപിഎം വിമതന്‍റെ പിന്തുണയോടെ ഇടതു മുന്നണിക്ക് ഭരിക്കാന്‍ കഴിയുമെന്നതാണ് സ്ഥിതി.

കൊച്ചി കോര്‍പറേഷനില്‍ ആകെയുള്ളത് 74 ഡിവിഷനുകളാണ്. ഫലം വന്നപ്പോള്‍ യുഡിഎഫിന് 31, ഇടത് മുന്നണിക്ക് 34. മൂന്ന് യുഡിഎഫ് വിമതര്‍, ഒരു സിപിഎം വിമതന്‍. ബാക്കി അഞ്ച് സീറ്റുകള്‍ ബിജെപിക്കും. യുഡിഎഫ് വിമതരില്‍ രണ്ടും കോൺഗ്രസിന്‍റേതാണ് . പനയപ്പിള്ളിയില്‍ ജെ സുനില്‍ മോനും മുണ്ടംവേലിയില്‍ മേരി കലിസ്ത പ്രകാശനുമാണ് കോണ്‍ഗ്രസ് പാളയത്തില്‍നിന്ന് വിമതരായി ജയിച്ചത്. കല്‍വത്തിയിൽ ടി കെ അഷ്റഫ് മുസ്ലിം ലീഗ് വിമതനായി ജയിച്ചു കയറി.
മാനാശ്ശേരിയില്‍ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ കെ പി ആന്‍റണിയാണ് സിപിഎം വിമതനായി ജയിച്ചത്. വിമതന്മാരെയെല്ലാം പാളയത്തിലെത്തിക്കാന്‍ ഇരു മുന്നണിയും ശ്രമിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡനും ടോണി ചമ്മണിയും ആന്‍റണിയുടെ വീട്ടിലെത്തി ചര്‍ച്ചനടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഹൈബി ഈഡൻ തയ്യാറായില്ല. നിലപാട് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് മൂന്ന് യുഡിഎഫ് വിമതരുടേയും നിലപാട്.

മൂന്ന് യുഡിഎഫ് വിമതരെയും വശത്താക്കാന്‍ കഴിഞ്ഞാലും യുഡിഎഫിന് പക്ഷെ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല. കെ പി ആന്‍റണി സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ 35 സീറ്റോടെ ഇടതുമുന്നണിക്ക് അധികാരത്തിലേറാം. കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പാകും ആര് അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ കൃത്യമായ ചിത്രം നല്‍കുക. യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്നുറപ്പാണ്. പക്ഷെ ആന്‍റണിയുടെ ഒറ്റവോട്ടിന്റെ ബലത്തില്‍ ഇടതിന് മേയര്‍ സ്ഥാനം നേടാനാവും. ഇതോടെ പത്ത് കൊല്ലം നീണ്ട യുഡിഎഫ് ഭരണം ചരിത്രമാകുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button