തൃശൂർ: തല്ല് കിട്ടിയതും പോരാ, കാശും പോയ സ്ഥിതിയായി യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക്. പൊലീസ് ലാത്തിച്ചാര്‍ജില്‍ ലാത്തി പൊട്ടിയതിനാണ് 1000 രൂപ വീതം 22 പേരില്‍നിന്ന് പിഴ ഈടാക്കിയത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഫൈബര്‍ ലാത്തികള്‍ പൊട്ടിയതിന് പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമായിരുന്നു കേസ്.
2020 ജൂലൈ 14നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈഫ് മിഷന് അഴിമതിയാരോപണം ഉന്നയിച്ച് നടത്തിയ മാര്‍ച്ച് തൃശൂര്‍ റോഡില്‍ തടഞ്ഞു.ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരമായി ഓരോരുത്തരും 1500 രൂപ വീതം കെട്ടിവെക്കണമെന്നാണ് ജില്ല സെഷന്‍സ് കോടതി വിധിച്ചിരുന്നത്.
ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പിഴയില്‍ ഇളവ് നല്കി 1000 രൂപ അടക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അടക്കമുള്ളവരില്‍ നിന്ന് പിഴ ഈടാക്കിയത്. കോവിഡ് പ്രോട്ടോകോള്‍ ലംഘനം, ഗതാഗതം തടസ്സപ്പെടുത്തല്‍, പൊലീസിനെ കൈയേറ്റം ചെയ്യല്‍, കൃത്യനിര്‍വഹണത്തിന് തടസ്സം നില്ക്കല് തുടങ്ങിയതിനും വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള കേസ് കോടതിയില്‍ തുടരും.