KeralaNews

‘ഇന്നത്തെ ഭാ​ഗ്യവാൻ ആരായാലും ടിക്കറ്റ് ബാങ്കിൽ ഏൽപ്പിക്കുന്നതുവരെ പുറത്തുപറയരുത്, ബന്ധുക്കൾ പോലും ശത്രുക്കളാകും’, കഴിഞ്ഞ തവണത്തെ 25 കോടിയുടെ ഭാഗ്യശാലി അനൂപിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ തവണത്തെ 25 കോടിയുടെ ഭാഗ്യശാലി അനൂപ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഭാഗ്യവാന്‍ ആരായാലും ടിക്കറ്റ് ബാങ്കില്‍ എല്‍പ്പിക്കുന്നതുവരെ അത് പുറത്തുപറയരുതെന്ന് അനൂപ് പറയുന്നു. ലോട്ടറി ഭാഗ്യം കടാക്ഷിച്ചാല്‍ പിന്നീട് ശത്രുക്കളുടെ എണ്ണം കൂടും. ബന്ധുക്കള്‍ പോലും ശത്രുക്കളാകുന്ന സ്ഥിതിയാണെന്നും അനൂപ് പറഞ്ഞു.

വിജയികള്‍ ഒരിക്കലും പൊതുസമൂഹത്തിന് മുന്നില്‍ വരരുതെന്നാണ് എന്റെ അഭിപ്രായം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സഹായം ചോദിക്കും. ഒന്ന് രണ്ട് തവണ സഹായിക്കാം. പിന്നെ നമുക്ക് അതിന് സാധിച്ചില്ലെങ്കില്‍ അതോടെ പിണക്കവും ശത്രുതയുമാകുമെന്നും അനൂപ് പറഞ്ഞു.

25 കോടി അടിച്ചെങ്കിലും പതിനഞ്ച് കോടി എഴുപത് ലക്ഷമാണ് ആദ്യം കിട്ടിയത്. അതിനുശേഷം മൂന്ന് കോടി അടുപ്പിച്ച് കേന്ദ്ര ടാക്‌സ് കൊടുത്തു. എല്ലാം കഴിഞ്ഞ് 12 കോടി എഴുപത്തിയഞ്ച് ലക്ഷമാണ് എന്റെ കയ്യില്‍ കിട്ടിയത്. വീടും സ്ഥലവും വാങ്ങിയിട്ടുണ്ട്. ഒരു ലോട്ടറി ഷോപ്പ് തുടങ്ങിയിട്ടുണ്ട്. ബാക്കി ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് 25 കോടി നേടിയ ആ ഭാഗ്യ നമ്പര്‍ ഏതാണെന്ന് അറിയാനാകും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന ബമ്പര്‍ എടുക്കാന്‍ ലോട്ടറി ഷോപ്പുകളിലെല്ലാം വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ 500 രൂപയാണ് തിരുവോണം ബമ്പറിന്റെ ടിക്കറ്റ് വില.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് ബമ്പര്‍ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്. കണക്ക് പ്രകാരം74 ലക്ഷം കവിഞ്ഞു. ഇന്ന് ഉച്ചയോടെ 80 ലക്ഷം അടുപ്പിച്ച് ടിക്കറ്റുകള്‍ വിറ്റുപോകുമെന്നാണ് കരുതപ്പെടുന്നത്. ഇതര സംസ്ഥാനക്കാരടക്കം നിരവധി പേര്‍ ടിക്കറ്റെടുത്ത് പോകുന്നുണ്ടെന്ന് കച്ചവടക്കാരും പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button