മുംബൈ: ആയിരംകോടിയിലേറെ രൂപ നേടി ഇന്ത്യയിലെ സര്‍വകാല ഹിറ്റായ ധുരന്ധര്‍ 2 എന്ന നാലുമണിക്കുര്‍ സിനിമ പറയുന്നത്, പാക്കിസ്ഥാനിലെ ഇന്ത്യയുടെ സ്പൈ ഓപ്പറേഷനുകളെക്കുറിച്ചാണ്. ഖുറാന്‍ പഠിപ്പിച്ച്, സുന്നത്തുവരെ നടത്തി റോ പാക്കിസ്ഥാനിലേക്ക് കയറ്റിവിട്ട ചാരന്‍, അവിടെനിന്ന് വിവാഹം കഴിച്ച് ആ രാജ്യത്തിന്റെ പൗരനായി, ഇന്ത്യക്ക് വേണ്ടി ഭീകരരെ ഒതുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ സിനിമ വെറും കെട്ടുകഥയല്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി 30ഓളം ഭീകരരാണ്, പാക്കിസ്ഥാനിലും, കാനഡയിലും, യുകെയിലുമൊക്കെ കൊല്ലപ്പെട്ടത്. ഇവര്‍ എല്ലാവരും, ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ലിസ്റ്റില്‍ ഉള്ളവരാണ്.
ഈ കൊലപാത പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ്, ലഷ്‌കറെ തയിബ സഹസ്ഥാപകന്‍ അമീര്‍ ഹംസ(67). കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് വെടിയേറ്റത്. ലാഹോറിലെ ന്യൂസ് 24 ന്റെ ഓഫീസില്‍ നിന്ന് പരിപാടി കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് അമീര്‍ ഹംസയ്ക്ക് വെടിയേറ്റത്. ആ പരിപാടിയിലും അയാള്‍ ഇന്ത്യക്കെതിരെ അലറുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ വഴി ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്ക് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അജ്ഞാതരുടെ വെടി ഹംസയെ തേടിയെത്തിയത്. ഇതോടെ പാക്കിസ്ഥാനില്‍ ‘ധുരന്ധര്‍ 2’ ആവര്‍ത്തിക്കയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
ലാഹോറിലെ കോട്ട് ലഖ്പതിലെ ഹംദര്‍ദ് ചൗക്കിന് സമീപം വെച്ചാണ് ആമീര്‍ ഹംസ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ബൈക്കിലെത്തുന്ന ആക്രമണ രീതിയും ശരിക്കും ധുരന്ധര്‍ 2 മോഡലിലാണ്.
ആമീര്‍ ഹംസ ലഷ്‌കറെ തയിബയുടെ ഫണ്ട് റൈസറായും ,പ്രചാരണ വിഭാഗം തലവനായും പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. ഹഫീസ് സയീദ് കഴിഞ്ഞാല്‍ ലഷ്‌കറിലെ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ നേതാവായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ ലഷ്‌കറിനുണ്ടായ സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാന്‍ ഇദ്ദേഹം ‘ജയ്ഷ്-ഇ-മന്‍ഖാഫ’ എന്ന പേരില്‍ ഒരു പുതിയ സംഘടന 2018-ല്‍ രൂപീകരിച്ചു. ലഷ്‌കറിന്റെയും അനുബന്ധ സംഘടനകളായ ജമാഅത്ത് ഉദ്ദവ, ഫലാഹ്-ഇ-ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ എന്നിവയുടെയും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം കണ്ടെത്തുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.ലഷ്‌കറിന്റെ പ്രത്യയശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചു.
ലഷ്‌കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മജല്ല അല്‍-ദഅ്വ’യുടെ സ്ഥാപക എഡിറ്ററായിരുന്നു ഇദ്ദേഹം. ലഷ്‌കറിന്റെ തീരുമാനങ്ങള്‍ എടുക്കുന്ന കേന്ദ്ര ഉപദേശക സമിതിയിലെ അംഗമായിരുന്നു ആമിര്‍ ഹംസ. മറ്റ് സംഘടനകളുമായുള്ള ബന്ധങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഇദ്ദേഹം സജീവമായിരുന്നു. ഇന്ത്യക്കെതിരെയുള്ള പല ഭീകരാക്രമണങ്ങളുടെയും ഗൂഢാലോചനയില്‍ ഇദ്ദേഹത്തിന് പങ്കുണ്ട്.
പ്രത്യേകിച്ച്, 2005-ലെ ബെംഗളൂരു ഐഐഎസ്സി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും റിക്രൂട്ട്‌മെന്റിനും സാമ്പത്തിക സഹായം നല്‍കുന്നതിനും ഇദ്ദേഹത്തെ 2012 ഓഗസ്റ്റില്‍ അമേരിക്ക ഒരു ആഗോള ഭീകരനായി ഹംസയെ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വശ്യമായ സംസാരശൈലിയും എഴുത്തുമാണ് ഭീകരവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാനായി ലഷ്‌കര്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും ലഷ്‌കറെ തയിബ സഹസ്ഥാപകനുമായ ആമീര്‍ ഹംസ. 2005-ലെ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആക്രമണത്തിന്റെ സൂത്രധാരനും ഇയാളായിരുന്നു. 2005 ഡിസംബര്‍ 28-ന് വൈകുന്നേരം ഏകദേശം 7:00 മണിയോടെ സൈനിക വേഷം ധരിച്ച അക്രമി കാമ്പസിനുള്ളിലെ ജെ.എന്‍. ടാറ്റ ഓഡിറ്റോറിയത്തിന് മുന്നില്‍ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു.
ഓപ്പറേഷന്‍സ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അത്താഴത്തിനായി പുറത്തിറങ്ങിയ സമയത്താണ് ആക്രമണം ഉണ്ടായത്. ചൈനീസ് നിര്‍മ്മിത ടൈപ്പ് 56 അസാള്‍ട്ട് റൈഫിള്‍ ഉപയോഗിച്ചാണ് വെടിവയ്പ്പ് നടത്തിയത്. അക്രമി ഗ്രനേഡുകളും എറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ ഐഐടി ഡല്‍ഹിയിലെ മുന്‍ പ്രൊഫസറായിരുന്ന മുനീഷ് ചന്ദര്‍ പുരി കൊല്ലപ്പെട്ടു. മറ്റ് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയിബ ആണ് ഈ ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. അബു ഹംസ എന്ന ഭീകരനാണ് വെടിയുതിര്‍ത്തതെന്ന് സംശയിക്കപ്പെടുന്നു. ഇയാള്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായ അഫ്‌സല്‍ പാഷ ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് 2011-ല്‍ ബെംഗളൂരുവിലെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പക്ഷേ സൂത്രധാരനെ മാത്രം കിട്ടിയില്ല. ഇപ്പോള്‍ ആമീര്‍ ഹംസയും മരിച്ചതോടെ അത് ഇന്ത്യയുടെ മധുര പ്രതികാരമാവുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കാനഡ, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലായി ഇന്ത്യയുടെ ശത്രുപ്പട്ടികയിലുള്ള മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മിക്കവാറും സംഭവങ്ങളില്‍ ബൈക്കിലെത്തിയ ‘അജ്ഞാതരായ തോക്കുധാരികള്‍’ ആണ് കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പാകിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ വെച്ച് ഇന്ത്യ തിരയുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള പലരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതില്‍ ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഉള്‍പ്പെടുന്നു. മിക്ക സംഭവങ്ങളിലും ബൈക്കിലെത്തിയ അജ്ഞാതരാണ് ആക്രമണം നടത്തിയത്. കാനഡയിലെ സറേയില്‍ വെച്ച് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനെത്തുടര്‍ന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അവതാര്‍ സിംഗ് ഖണ്ഡ ബര്‍മിംഗ്ഹാമിലെ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണം സംശയാസ്പദമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഈ സംഭവങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ഇത്തരം കൊലപാതകങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം, കാനഡ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഈ വിഷയത്തില്‍ അന്വേഷണം തുടരുകയാണ്. ധുരന്ധര്‍ 2 സിനിമ ഈ സമസ്യക്കുള്ള മറുപടിയാണ് നല്‍കുന്നത്.
Amir Hamza, a co-founder of Lashkar-e-Taiba and a mastermind behind the 2005 Bengaluru IISc attack, was shot dead by unidentified gunmen in Lahore, Pakistan. The attack occurred near Hamdard Chowk after Hamza left a media office following a provocative speech against India. Social media users are drawing parallels between his death and the blockbuster movie ‘Dhurandhar 2’, which depicts Indian spy operations in Pakistan. This incident adds to a series of over 30 targeted killings of India’s most-wanted terrorists across Pakistan, Canada, and the UK over the past two years.


